അൽ അവാബി മാമ്പഴോത്സവം സമാപിച്ചു


സ്വന്തം ലേഖകൻ
Published on Jun 30, 2025, 09:48 AM | 1 min read
മസ്‌കത്ത് : അൽ അവാബി മാമ്പഴോത്സവത്തിന്റെ പ്രഥമ പതിപ്പ് തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ ആലിയ ഗ്രാമത്തിൽ സമാപിച്ചു. പ്രാദേശിക സ്ഥാപനങ്ങളുടെയും കർഷകരുടെയും സഹകരണത്തിൽ തെക്കൻ ബാത്തിന ഗവർണറുടെ ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാനി മാമ്പഴത്തെ ഉയർത്തി കാട്ടുക, കാർഷിക പൈതൃകമായി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തിലാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗത്തെ ആകർഷിക്കാൻ വൈവിധ്യമാർന്ന സാംസ്‌കാരിക, കാർഷിക, വിനോദ പ്രവർത്തനങ്ങൾ ഉത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ച മാർക്കറ്റ് കോർണർ, യുവാക്കളുടെ സംരംഭങ്ങളും പദ്ധതികളും പ്രദർശിപ്പിച്ച ഗ്രാമീണ സംരംഭകത്വ കോർണർ, കൃഷിയുടെ തത്വങ്ങളും പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുന്ന ചെറുകിട കർഷക കോർണർ, സാംസ്‌കാരിക, കലാപര, വിനോദ വിഭാഗങ്ങൾക്ക് ആതിഥേയത്വം വഹിച്ച സംവേദനാത്മക നാടക കോർണർ എന്നിവ ശ്രദ്ധേയമായി. മാമ്പഴ കൃഷിയെയും പരിചരണ രീതികളെയും കുറിച്ചുള്ള അവബോധ പ്രഭാഷണം, മരങ്ങളിൽനിന്ന് നേരിട്ട് പഴങ്ങൾ പറിച്ചെടുക്കുന്ന അനുഭവം, അൽ ആലിയ ഗ്രാമത്തിലെ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള യാത്രകൾ, വിനോദ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഉയർന്ന നിലവാരമുള്ള മാമ്പഴങ്ങളുടെ സമൃദ്ധമായ വിളവിന് അൽ ആലിയ ഗ്രാമം പ്രശസ്‌തമാണ്.










0 comments