സ്വർണച്ചാട്ടം ; ലോങ്ജമ്പിൽ മുഹമ്മദ് മുഹ്‌സിന് സ്വർണം

ഭുവനേശ്വർ
കലിംഗ സ്‌റ്റേഡിയത്തിലെ ഒരു പകലും രാത്രിയും നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന് സ്വർണനേട്ടം. ദേശീയ ജൂനിയർ മീറ്റിൽ അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജമ്പിലാണ് മുഹമ്മദ് മുഹ്സിൻ സ്വർണം നേടിയത് (7.39 മീറ്റർ). ആദ്യ ചാട്ടത്തിൽ മെഡൽദൂരം പിന്നിട്ടു. രണ്ട് ചാട്ടം കഴിഞ്ഞ് 4x100 മീറ്റർ റിലേയിൽ മത്സരിച്ച് ടീമിനെ ഫൈനലിലുമെത്തിച്ചു. അവസാനചാട്ടത്തിനിടെ കാലിന് പരിക്കേറ്റാണ് മടക്കം. മലപ്പുറം കടകശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്. ടോമി ചെറിയാനാണ് പരിശീലകൻ.ട്രാക്കിലും ഫീൽഡിലും കേരളം പിന്നോട്ടുപോയപ്പോൾ ഹരിയാന ഏഴുസ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി കുതിച്ചു. 34 ഫൈനൽ പൂർത്തിയായപ്പോൾ കേരളത്തിന് ഓരോ സ്വർണവും വെങ്കലവുംമാത്രം.
രണ്ടാംദിവസം അണ്ടർ 18 ആൺകുട്ടികളുടെ അഞ്ചുകിലോമീറ്റർ നടത്തത്തിൽ ഉത്തർപ്രദേശിന്റെ നിതിൻ ഗുപ്ത (20 മിനിറ്റ് 01.64 സെക്കൻഡ്), അണ്ടർ 20 പെൺകുട്ടികളുടെ പോൾവാൾട്ടിൽ ഹരിയാനയുടെ വാൻഷിക ഘൻഘസ് (3.76 മീറ്റർ) എന്നിവർ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടി തമിഴ്നാടിന്റെ അഭിനയ രാജരാജൻ (11.66 സെക്കൻഡ്) പുതിയ മീറ്റ് റെക്കോഡ് കുറിച്ചു. ഹീറ്റ്സിൽ 11.62 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി ദ്യുതി ചന്ദിന്റെ ദേശീയ റെക്കോഡിനൊപ്പവുമെത്തി. അണ്ടർ 18 പെൺകുട്ടികളുടെ ഹൈജമ്പിൽ ഹരിയാനയുടെ പൂജയ്‌ക്ക് (1.82 മീറ്റർ) മീറ്റ് റെക്കോഡുണ്ട്.
ഒഡിഷയുടെ ദൊന്തപതി എം ജയറാമും തമിഴ്നാടിന്റെ അഭിനയ രാജരാജനും 100 മീറ്റർ ജയിച്ച് വേഗക്കാരായി. റിയലൻസ് ഫൗണ്ടേഷന്റെ അക്കാദമിയിൽ പരിശീലനം നടത്തുന്ന ദൊന്തപതി 10.78 സെക്കൻഡിലാണ് അണ്ടർ 20 വിഭാഗം 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയാണ് തമിഴ്നാടിന്റെ അഭിനയ (11.62 സെക്കൻഡ്) വേഗമേറിയ താരമായത്. എട്ടുമാസമായി തിരുവനന്തപുരം സായിൽ പരിശീലനം നടത്തുന്ന പതിനേഴുകാരി തിരുനെല്‍വേലി സ്വദേശിയാണ്.
അണ്ടർ 20 പെൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ വി ബി നയന ആറാമതായി. അണ്ടർ 18 ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ആദിത് വി അനിൽ ഏഴാമതും മുഹമ്മദ് സുൽത്താൻ ഒമ്പതാമതുമായി. അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പാർവണ ജിതേഷ് അഞ്ചാം സ്ഥാനത്തെത്തി. മൂന്നാംദിനമായ ഇന്ന് 24 ഫൈനൽ നടക്കും. 110 മീറ്റർ ഹർഡിൽസിൽ റാഹിൽ സക്കീർ, കാർത്തിക് കൃഷ്ണ, 400 മീറ്ററിൽ സാന്ദ്രമോൾ സാബു, ഹൈജമ്പിൽ ആബിയ അന്ന റെജി, കെ എസ് കേദർനാഥ്, ദേവ് ഭൂഷൺ, ബിബിൻ വിനോദ് എന്നിവർ ഫൈനലിൽ കടന്നു.
.jpg)










0 comments