അർഹതപ്പെട്ടത് കൊള്ളയടിച്ചു; വിനേഷ് വെള്ളി മെഡലിന് യോ​ഗ്യ: പിന്തുണയുമായി സച്ചിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 07:28 PM | 0 min read

ന്യൂഡൽഹി > ഒളിമ്പിക്സ് ഫെനലിനു തൊട്ടുമുമ്പ് അയോ​ഗ്യയാക്കപ്പെട്ട ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അർഹതപ്പെട്ട വെള്ളിമെഡൽ വിനേഷിൽ നിന്ന് കൊള്ളയടിക്കുകയായിരുന്നുവെന്നും വിനേഷ് മെഡൽ നേട്ടം അർഹിക്കുന്നുണ്ടെന്നും സച്ചിൻ എക്സിൽ കുറിച്ചു.

'എല്ലാ കായിക ഇനങ്ങൾക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചുള്ളവയാണ്. ചിലപ്പോൾ പുനരവലോകനം ചെയ്യപ്പെട്ടേക്കാം. വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ഭാരക്കൂടുതൽ കാരണം അയോഗ്യത നേരിട്ടത്. അർഹതപ്പെട്ട അവരുടെ മെഡൽ കൊള്ളയടിക്കുന്നതിന് തുല്യമാണിത്. ഇത് യുക്തിക്കും കായിക മൂല്യങ്ങൾക്കും നിരക്കുന്നതല്ല.

മരുന്നുകളുടെ ഉപയോഗം പോലുള്ള കാരണങ്ങളാൽ ഒരു കായിക താരത്തിനു അയോഗ്യത കൽപ്പിക്കുന്നത് മനസിലാക്കാൻ സാധിക്കും. ങ്ങനെയെങ്കിൽ മെഡൽ നൽകാതെ അവസാന സ്ഥാനത്താക്കുന്നതിന് ന്യായീകരണമുണ്ട്. എന്നാൽ വിനേഷ് എതിരാളികളെ തോൽപ്പിച്ച് കടമ്പകൾ കടന്നാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയത്. അവർ തീർച്ചയായും വെള്ളി മെഡൽ നേടാൻ അർഹയാണ്.

സ്‌പോർട്‌സ് ആർബിട്രേഷൻ കോടതിയുടെ വിധിക്കായി എല്ലാവരും കാത്തിരിക്കുകയാണ്. വിനേഷിന് അർഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം' - സച്ചിൻ കുറിച്ചു.

ഫൈനലിന്‌ മുൻപുള്ള ഭാരപരിശോധനയിൽ നിശ്ചയിച്ചതിനേക്കാൾ 100 ​ഗ്രാം ഭാരം കൂടുതൽ കണ്ടതിനെത്തുടർന്നാണ്  ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്‌തിയിൽ നിന്ന്‌ വിനേഷിനെ വിലക്കിയത്‌. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന്‌ അർഹതയുണ്ടെന്ന്‌ കാണിച്ചാണ്‌ വിനേഷ്‌ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. രണ്ട്‌ ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട്‌ തവണയാണ്‌ ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന്‌ വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home