യമനില്‍ എസ്ടിസി പിരിച്ചുവിട്ടതായി പ്രഖ്യാപനം; തീരുമാനത്തെ തള്ളി വക്താവ്

അനസ് യാസിന്‍
Published on Jan 10, 2026, 09:00 PM | 2 min read
മനാമ: യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) പിരിച്ചുവിട്ടതായി റിയാദില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ സംഘടനയുടെ സെക്രട്ടറി ജനറല്‍ അബ്ദുറഹ്‌മാന്‍ ജലാല്‍ അല്‍ സുബൈഹി. യമന്‍ ടെലിവിഷനിലൂടെ വെള്ളിയാഴ്ചയായിരുന്നു ഈ നിര്‍ണ്ണായക പ്രഖ്യാപനം. ദക്ഷിണ യമനിലെയും അയല്‍രാജ്യങ്ങളിലെയും സമാധാനവും സുരക്ഷയും നിലനിര്‍ത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ യമനിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സൗദി അറേബ്യ മുന്നോട്ടുവെച്ച പരിഹാര മാര്‍ഗങ്ങളെയും നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
എന്നാല്‍, റിയാദില്‍ നിന്നുള്ള ഈ പ്രഖ്യാപനത്തെ തള്ളിക്കൊണ്ട് എസ്ടിസി വക്താവ് അന്‍വര്‍ അല്‍ തമീമി രംഗത്തെത്തി. പിരിച്ചുവിടല്‍ വാര്‍ത്ത പരിഹാസ്യമാണെന്നും റിയാദിലുള്ള തങ്ങളുടെ പ്രതിനിധി സംഘവുമായി നിലവില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അബുദാബിയിലുള്ള തമീമി വ്യക്തമാക്കി. എസ്ടിസിയുടെ തീരുമാനങ്ങള്‍ എടുക്കാന്‍ കൗണ്‍സിലിനും അതിന്റെ പ്രസിഡന്റിനും മാത്രമേ അധികാരമുള്ളൂവെന്നും റിയാദിലുള്ള പ്രതിനിധി സംഘത്തെ മോചിപ്പിച്ചാലുടന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ യമനിലെ ജനങ്ങള്‍ക്ക് സ്വന്തം ഭാവി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് വക്താവ് എക്‌സില്‍ കുറിച്ചു.
എസ്ടിസിയുടെ പിരിച്ചുവിടല്‍ പ്രഖ്യാപനത്തെ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ സ്വാഗതം ചെയ്തു. ദക്ഷിണ യമന്‍ വിഷയത്തില്‍ സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ധീരമായ ചുവടുവെപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൗദിയുടെ മേല്‍നോട്ടത്തില്‍ ദക്ഷിണ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സമഗ്രമായ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, റിയാദിലെ പ്രഖ്യാപനത്തെ തള്ളിക്കൊണ്ട് ഏദന്‍, മുകല്ല നഗരങ്ങളില്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ എസ്ടിസി നാഷണല്‍ അസംബ്ലി അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ എസ്ടിസി ഹദ്‌റമൗത്ത്, അല്‍ മഹ്‌റ പ്രവിശ്യകള്‍ പിടിച്ചെടുത്തതോടെയാണ് യമന്‍ വീണ്ടും സംഘര്‍ഷഭരിതമായത്. സൗദിയും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇത് കാരണമായി. യുഎഇ പിന്തുണയോടെയാണ് എസ്ടിസി സൈനിക നീക്കം നടത്തിയതെന്ന് സൗദി ആരോപിച്ചിരുന്നു.
എസ്ടിസി നേതാവ് ഐദറൂസ് അല്‍ സുബൈദി സൗദിയിലെ സമാധാന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന് യുഎഇയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം സഖ്യസേന വെളിപ്പെടുത്തിയിരുന്നു. സുബൈദിയുടെ അസാന്നിധ്യത്തില്‍ റിയാദിലുള്ള മറ്റ് നേതാക്കള്‍ സംഘടന പിരിച്ചുവിടാന്‍ തീരുമാനിച്ചത് ദക്ഷിണ യമനിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.










0 comments