കുവെെത്തിലെ തൊഴിൽ വിസ; ഇനി ഫീസിൽ ഇളവില്ല

കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിൽ വിസയ്ക്ക് നേരത്തെ അനുവദിച്ചിരുന്ന ഫീസ് ഇളവുകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇനി മുതൽ ഓരോ തൊഴിലാളിയ്ക്കും വിസ അനുവദിക്കുമ്പോൾ 150 കുവൈത്ത് ദിനാർ (ഏകദേശം 42,000 ഇന്ത്യൻ രൂപ) അധിക ഫീസ് അടയ്ക്കേണ്ടിവരും. മുമ്പ് ഈ ഫീസ് നൽകേണ്ടതില്ലെന്ന ഇളവ് ലഭിച്ചിരുന്ന നിരവധി മേഖലകൾക്ക് പുതിയ തീരുമാനത്തോടെ ഫീസ് ബാധകമാകും. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, വിദേശ നിക്ഷേപകർ, ലേബർ യൂണിയനുകൾ, സഹകരണ സംഘങ്ങൾ, കായിക ക്ലബ്ബുകൾ, കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങി വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് ഇനി മുതൽ ഫീസ് നൽകേണ്ടി വരിക.
ചെറുകിട വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും മെഡിക്കൽ സെന്ററുകളും ഈ പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി. ഈ ഫീസ് ഇളവിന്റെ പ്രാബല്യവും ബാധിത മേഖലയിലുണ്ടാകുന്ന ഫലവും വിലയിരുത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന ഒരു വർഷത്തെ പഠനം നടത്തണമെന്ന 2024-ലെ മന്ത്രിതല ഉത്തരവിന്റെ അഞ്ചാം വകുപ്പ് പ്രകാരം പ്രതിപാദിച്ചിരുന്ന വ്യവസ്ഥയും പുതിയ ഉത്തരവിലൂടെ റദ്ദാക്കി. ഈ തീരുമാനങ്ങൾ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുകയും വിസ കൈമാറ്റത്തിൽ കർശനതയും ഫീസ് ബാധ്യതയും ഉറപ്പുവരുത്തുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണെന്നും അധികൃതർ വ്യക്തമാക്കി.










0 comments