വര്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് ഫീസ്: ബഹ്‌റൈനിൽ വർധന

മനാമ: പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ച് ബഹ്‌റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തില്‍ വരുന്ന വർധന അടുത്ത നാലുവര്‍ഷംകൊണ്ട് ഘട്ടം ഘട്ടമായി നടപ്പാക്കും.
പരിഷ്‌കരിച്ച നിരക്കുകള്‍ പ്രകാരം, വര്‍ക്ക് പെര്‍മിറ്റ് നല്‍കാനും പുതുക്കാനുമുള്ള വാര്‍ഷിക ഫീസ് 105 ബഹ്‌റൈനി ദിനാറായിരിക്കും. 2027ല്‍ നിരക്ക് 111 ദിനാറായും 2028ല്‍ 118 ദിനാറായും വര്‍ധിക്കും. 2029 ജനുവരി ഒന്നുമുതല്‍ ഈ നിരക്ക് 125 ദിനാറിലെത്തും. എന്‍ട്രി വിസ, എൻഒസി, റെസിഡന്‍സി പെര്‍മിറ്റ്, റിട്ടേണ്‍ വിസ, മെഡിക്കല്‍ പരിശോധന, ഐഡി കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണ് വാര്‍ഷിക ഫീസ്. എല്‍എംആര്‍എ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധിക്ക് അനുസൃതമായാകും ഈ തുക ഈടാക്കുക. അതേസമയം, ഗാര്‍ഹിക തൊഴിലാളികളെ ഫീസ് വര്‍ധനയില്‍നിന്ന് ഒഴിവാക്കി.
പ്രവാസി തൊഴിലാളികളുടെ പ്രതിമാസ ഫീസും വര്‍ധിപ്പിച്ചു. സ്ഥാപനത്തിലെ ആദ്യ അഞ്ച് തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷംമുതല്‍ പ്രതിമാസ ഫീസ് 7.5 ദിനാറായി വര്‍ധിപ്പിച്ചു. 2029-ഓടെ ഇത് 30 ദിനാറായി ഉയരും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഓരോ അധിക തൊഴിലാളിക്കും 2026-ല്‍ 12.5 ദിനാര്‍ നല്‍കണം. ഈ നിരക്കും 2029ല്‍ 30 ദിനാറിലെത്തും. 2028 ഓടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഏകീകൃത മാസ ഫീസായി 20 ദിനാറും തുടര്‍ന്ന് 30 ദിനാറിലേക്കും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസിലും ഗണ്യമായ മാറ്റമുണ്ടാകും. നിലവില്‍ 72 ദിനാറായ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ്, നാലു വര്‍ഷത്തെ കാലയളവിനുള്ളില്‍ 144 ദിനാറായി ഇരട്ടിയാക്കും. 2026-ല്‍ 90 ദിനാറായും 2027-ല്‍ 108 ദിനാറായും 2028ല്‍ 126 ദിനാറായും ഉയര്‍ത്തുന്ന നിരക്ക് 2029-ഓടെയാണ് 144 ദിനാറില്‍ എത്തുക.
വൈദ്യുതി, ജല നിരക്കിലും മാറ്റം
പ്രവാസികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കുമുള്ള വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരിമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ താരിഫ് പ്രകാരം, സബ്‌സിഡി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്ത വിഭാഗങ്ങളുടെ (പ്രവാസികള്‍ ഉള്‍പ്പെടെ) വൈദ്യുതി നിരക്ക് യൂണിറ്റിന് 29 ഫില്‍സില്‍നിന്ന് 32 ഫില്‍സായി ഉയരും. ജല നിരക്ക് ക്യൂബിക് മീറ്ററിന് 750 ഫില്‍സില്‍നിന്ന് 775 ഫില്‍സായും വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ പൊതു ധനസ്ഥിതി മെച്ചപ്പെടുത്താനായി നടപ്പാക്കുന്ന വിപുലമായ പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം, ബഹ്‌റൈനി പൗരന്മാരുടെ പ്രാഥമിക താമസസ്ഥലങ്ങളിലെ ഒന്നും രണ്ടും സ്ലാബുകളിലെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സ്വദേശികള്‍ക്ക് വീടിന് മൂന്ന് ഫില്‍സ് നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്. മാസത്തില്‍ 3000 യൂണിറ്റ് വരെയുള്ള ആദ്യ സ്ലാബിന് ഈ കുറഞ്ഞ നിരക്ക് തുടരും. 3000 യൂണിറ്റിന് മുകളില്‍ 5000 യൂണിറ്റ് വരെയുള്ള രണ്ടാം സ്ലാബ് നിരക്കായ ഒന്പത് ഫില്‍സിലും മാറ്റമില്ല. എന്നാല്‍, ഒരു മാസത്തെ ഉപഭോഗം 5000 യൂണിറ്റിന് മുകളിലായാല്‍ ഈടാക്കുന്ന അധിക നിരക്ക് നിലവിലെ 16 ഫില്‍സില്‍നിന്ന് 32 ആയി വര്‍ധിക്കും.
ഒരേ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വലിയ സ്വദേശി കുടുംബങ്ങളുടെ സാഹചര്യം കണക്കിലെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, മലിനജല സേവനങ്ങള്‍ക്ക് ജല ഉപഭോഗത്തിന്റെ 20 ശതമാനം തുക ഫീസായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഈ പുതിയ സേവന നികുതിയില്‍നിന്ന് സ്വദേശികളുടെ പ്രാഥമിക താമസസ്ഥലങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതു ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഈ പരിഷ്‌കാരങ്ങളെന്ന് ക്യാബിനറ്റ് കാര്യ മന്ത്രി ഹമദ് അല്‍ മല്‍ക്കി വ്യക്തമാക്കി.










0 comments