ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: സാലിക് യാത്രകളും വരുമാനവും കുറഞ്ഞു

salik toll
വെബ് ഡെസ്ക്

Published on May 11, 2026, 04:30 PM | 2 min read

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗതാഗത തിരക്ക് കുറഞ്ഞതോടെ ദുബായിലെ ടോൾ ഗേറ്റ് നടത്തിപ്പുകാരായ സാലിക്കിന്റെ വരുമാനം ഇടിഞ്ഞതായി റിപ്പോർട്ട്‌. ഇ‍ൗ വർഷം ആദ്യ പാദത്തിൽ മൊത്തം വരുമാനം 72.89 കോടി ദിർഹമായി കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച്‌ മൂന്നുശതമാനമാണ് ഇടിവ്‌. പിഴവരുമാനം കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധന രേഖപ്പെടുത്തി. ഒരുശതമാനം വർധനയോടെ 6.91 കോടി ദിർഹമായാണ്‌ ഉയർന്നതെന്നും റിപ്പോർട്ടിലുണ്ട്‌.


അതേസമയം, ടാഗ് ആക്‌ടിവേഷൻ ഫീസ് ഉൾപ്പെടെയുള്ള മറ്റ് വരുമാന മാർഗങ്ങളിൽ വളർച്ച ഉണ്ടായി. ആദ്യ പാദത്തിലെ ലാഭം 36.93 കോടി ദിർഹമായി സ്ഥിരത പുലർത്തി. ഇക്കാലയളവിൽ മൊത്തം ടോൾ യാത്ര 14.57 കോടി ആയി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 7.7 ശതമാനം കുറവാണ്. തിരക്കേറിയ സമയത്തെ യാത്ര 5.37 കോടിയും തിരക്കുകുറഞ്ഞ സമയത്തെ യാത്ര 7.59 കോടിയുമായി.


കിഴിവ്‌ യാത്രകൾ ഉൾപ്പെടെ സാലിക് ഗേറ്റുകളിലൂടെ നടന്ന മൊത്തം യാത്ര 19.72 കോടിയായി കുറഞ്ഞു. 6.4 ശതമാനം ഇടിവ്‌. സജീവമായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 8.4 ശതമാനം വർധിച്ചു. ഇതോടെ ടാഗ് ആക്ടിവേഷൻ ഫീസിൽനിന്നുള്ള വരുമാനം 1.22 കോടി ദിർഹമായി ഉയർന്നു. ഇമാർ മാളുകൾ, പാർക്കോണിക്, ദുബായ് വിമാനത്താവളങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പാർക്കിങ് സേവനങ്ങളിൽനിന്നുള്ള അനുബന്ധ വരുമാനം 147 ശതമാനം ഉയർന്ന് 80 ലക്ഷം ദിർഹമായി. ടോൾ ഉപയോഗ ഫീസിൽനിന്നുള്ള വരുമാനം 62.55 കോടി ദിർഹമായി. ആറുശതമാനമാണ്‌ ഇടിവ്‌. എന്നാൽ, 2025 ജനുവരി അവസാനം നടപ്പാക്കിയ വ്യത്യസ്ത നിരക്ക് സംവിധാനത്തിന്റെ ഗുണഫലം ഭാഗികമായി സഹായിച്ചതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


മാർച്ചിലെ പ്രവർത്തന സാഹചര്യം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും കമ്പനിയുടെ ബിസിനസ് മാതൃക ശക്തമാണെന്ന് ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറുകയും നിരവധി സ്ഥാപനങ്ങൾ ജീവനക്കാരോട് വീട്ടിൽനിന്ന് ജോലി ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെ വാഹനഗതാഗതം ഗണ്യമായി കുറഞ്ഞത്‌ വരുമാനം കുറയാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾക്കിടയിലും കമ്പനി സ്ഥിരതയാർന്ന ലാഭക്ഷമതയും ശക്തമായ സാമ്പത്തിക പ്രകടനവും നിലനിർത്തിയതായി സാലിക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home