പശ്ചിമേഷ്യൻ സംഘർഷം; പ്രതിസന്ധി മറികടന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : അമേരിക്ക–ഇസ്രയേൽ സഖ്യത്തിന്റെ ഇറാൻ ആക്രമണവും തുടർന്നുണ്ടായ പശ്‌ചിമേഷ്യൻ പ്രതിസന്ധിക്കുംശേഷം കുവൈത്ത് പുനരുജ്ജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. സംഘർഷം ഊർജ വിപണി, വ്യാപാരം, വ്യോമ– സമുദ്ര ഗതാഗതം, വിതരണ ശൃംഖല, ധനകാര്യ മേഖലകൾ എന്നിവയെ സാരമായി ബാധിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പൊതുസേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാൻ കുവൈത്തിന് സാധിച്ചു. വിവിധ സർക്കാർ സംവിധാനങ്ങളുടെ ഏകോപിത പ്രവർത്തനവും മുൻകൂട്ടിയുള്ള ആസൂത്രണവുമാണ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.
പ്രതിസന്ധിയുടെ ആദ്യഘട്ടംമുതൽ ഭക്ഷ്യസുരക്ഷയ്‌ക്ക് സർക്കാർ പ്രത്യേക മുൻഗണന നൽകി. അവശ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിലക്കയറ്റം നിയന്ത്രിക്കാനും വിതരണ ശൃംഖല തടസപ്പെടാതിരിക്കാനും നടപടി സ്വീകരിച്ചു. ഗതാഗത ചെലവ് വർധിച്ച സാഹചര്യത്തിൽ ഇറക്കുമതി സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയതിലൂടെ ഉപയോക്താക്കൾക്ക് അധികഭാരം അനുഭവപ്പെടാതെ വിപണിയുടെ സ്ഥിരത നിലനിർത്താനായി. സൗദി അറേബ്യയുമായുള്ള കര അതിർത്തി പ്രധാന വിതരണ പാതയായി ഉപയോഗിച്ചതോടെ ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും തടസമില്ലാതെ രാജ്യത്തെത്തിച്ചു.
ഇറാൻ ആക്രമണങ്ങളിൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ, ടെർമിനൽ–1 ഉൾപ്പെടെയുവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വ്യോമഗതാഗതം പലതവണ തടസപ്പെട്ടു. എന്നാൽ, വ്യോമയാന ഡയറക്‌ടറേറ്റും ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും അടിയന്തര പ്രവർത്തന പദ്ധതി നടപ്പാക്കി സൗദിയിലെ ദമ്മാം, ഖൈസൂമ വിമാനത്താവളങ്ങളെ ബദൽകേന്ദ്രങ്ങളാക്കി സർവീസ് തുടർന്നു. യാത്രക്കാരെ കരമാർഗം ഈ വിമാനത്താവളങ്ങളിലെത്തിക്കാൻ സംവിധാനം ഒരുക്കി. തുടർന്ന് വിമാനത്താവളത്തിലെ കേടുപാടുകൾ അതിവേഗം പരിഹരിച്ചതോടെ വിദേശ വിമാനക്കമ്പനികൾക്കും ഘട്ടംഘട്ടമായി സർവീസ് പുനഃരാരംഭിക്കാൻ അനുമതി നൽകി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണമേഖലയാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയ സുരക്ഷാ പ്രതിസന്ധിയും എണ്ണ സ്ഥാപനങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും കയറ്റുമതിയെ ബാധിച്ചു. എങ്കിലും കുവൈത്ത് പെട്രോളിയം കോർപറേഷൻ അടിയന്തര പദ്ധതികൾ നടപ്പാക്കി ആഭ്യന്തര ഇന്ധന വിതരണവും എണ്ണക്കയറ്റുമതിയും കാര്യമായ തടസങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണവും വിവര കൈമാറ്റവും കയറ്റുമതി ഏകോപനവും പ്രതിസന്ധി മറികടക്കുന്നതിൽ നിർണായകമായി. സമാന സാഹചര്യം നേരിടാൻ സൗദിയുടെ പൈപ്പ്‌ലൈൻ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബദൽ കയറ്റുമതി സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾക്കും വേഗംകൂട്ടി.
യുദ്ധകാലത്തും ബാങ്കിങ് മേഖലയുടെയും ധനകാര്യ സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടില്ല. ഡിജിറ്റൽ ബാങ്കിങ് ഉൾപ്പെടെ എല്ലാ സേവനവും കാര്യക്ഷമമായി പ്രവർത്തിച്ചു. ഓഹരി വിപണിയും സ്ഥിരത നിലനിർത്തി.










0 comments