പൗരാവകാശങ്ങളിലെ ഒളിഞ്ഞു നോട്ടമോ
പൊലീസ് വിരലടയാള പരിശോധന ഇനി ആപിൽ, കുറ്റവാളികളെ 35 സെക്കൻഡിൽ തിരിച്ചറിയാം

ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാന കുറ്റാന്വേഷണ രംഗങ്ങളിൽ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന സാങ്കേതികവിദ്യയുമായി സുരക്ഷാ ഏജൻസികൾ. വ്യക്തികളുടെ വിരലടയാളം തത്സമയം മൊബൈൽ ഫോൺ വഴി പരിശോധിച്ച് ഉറപ്പു വരുത്താവുന്ന തത്സമയ ആപ് തയാറായി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വികസിപ്പിച്ച 'അഭിജ്ഞാൻ' മൊബൈൽ ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ആപ്പ് രാജ്യത്തെ 1.3 കോടിയിലധികം വരുന്ന കുറ്റവാളികളുടെയും സംശയ പട്ടികകളിൽ ഉൾപ്പെടുന്നവരുടെയും വിവരങ്ങളടങ്ങിയ കേന്ദ്രീകൃത ഡാറ്റാബേസുമായി ബന്ധിപ്പിച്ചതാണ്.
നിലവിൽ ഒരു വ്യക്തിയുടെ വിരലടയാളം പരിശോധിക്കണമെങ്കിൽ അവരെ പോലീസ് സ്റ്റേഷനുകളിലോ ജില്ലാ ആസ്ഥാനങ്ങളിലോ ഉള്ള പ്രത്യേക ഫിംഗര്‍ പ്രിന്റ് പരിശോധനാ കേന്ദ്രത്തിലോ എത്തിക്കേണ്ടതുണ്ട്. രാജ്യത്താകെ ഇത്തരം 1,556 കേന്ദ്രങ്ങൾ മാത്രമാണുള്ളത്. എന്നാൽ പുതിയ സംവിധാനത്തോടെ ഈ പരിമിതി ഇല്ലാതാകും എന്നാണ് വിശദീകരണം. അതേ സമയം ഇതിനെതിരെ പൗരാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമെന്ന വിമര്‍ശവും ഉയരുന്നു.
കയ്യിൽ കൊണ്ടു നടക്കാം
ഫീൽഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ വിരലടയാള സ്കാനറുകൾ നൽകും. ഇത് ഉദ്യോഗസ്ഥരുടെ സ്മാർട്ട്ഫോണുകളുമായി ഘടിപ്പിച്ചിരിക്കും. ദുരുപയോഗം തടയാൻ ഇരട്ട സുരക്ഷാ മറയുള്ളതായി പറയുന്നു. റോഡിലെ സാധാരണ വാഹന പരിശോധനയിലോ നൈറ്റ് പെട്രോളിംഗിലോ ആവശ്യമാവുന്ന സാഹചര്യത്തിൽ ഈ സ്കാനർ ഉപയോഗിച്ച് വിരലടയാളം പരിശോധിച്ച് 35 സെക്കൻഡുകൾക്കുള്ളിൽ ഫലമറിയാം.
ദേശീയ തലത്തിലുള്ള 'നാഫിസ്' (National Automated Fingerprint Identification System) എന്ന കേന്ദ്രീകൃത വിരലടയാള ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് 'അഭിജ്ഞാൻ' പ്രവർത്തിക്കുന്നത്. ശിക്ഷിക്കപ്പെട്ടവർ, നിലവിൽ ജയിലിലുള്ളവർ, വിവിധ കേസുകളിൽ പ്രതികളായവർ എന്നിവരുടെ വിരലടയാളങ്ങളാണ് ഇതിലുള്ളത്. നിലവിൽ 9.91 ലക്ഷം മയക്കുമരുന്ന് കേസുകളിലെ പ്രതികൾ, 3.65 ലക്ഷം മനുഷ്യക്കടത്ത് കേസുകളിലെ പ്രതികൾ എന്നിവരുൾപ്പെടെയുള്ള വിപുലമായ വിവരങ്ങൾ ഇതിലുണ്ട്. എല്ലാ കുറ്റകൃത്യങ്ങളിൽ നിന്നും ശേഖരിക്കുന്ന വിരലടയാളങ്ങളും ഡി എൻ എ സാമ്പിളുകളും ഈ ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്യാനും തീരുമാനമുണ്ട്.

പൗരവകശാങ്ങളിൽ
ഒളിഞ്ഞു നോട്ടം ?
2022-ലെ ക്രിമിനൽ നടപടിക്രമ- തിരിച്ചറിയൽ നിയമമാണ് (Criminal Procedure Identification Act) ഈ പരിശോധനകൾക്ക് നിയമപരമായ അടിത്തറയെന്ന് എൻസിആർബി അവകാശപ്പെടുന്നു. എന്നാൽ, ഈ നിയമത്തിലെ സെക്ഷൻ 3 പ്രകാരം, അറസ്റ്റ് ചെയ്യപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയ വ്യക്തികളുടെ വിരലടയാളം എടുക്കാൻ മാത്രമേ പോലീസിന് അധികാരമുള്ളൂ.
കൃത്യമായ തെളിവുകളോ കുറ്റകൃത്യങ്ങളുമായി ബന്ധമോ ഇല്ലാത്ത സാധാരണക്കാരായ വ്യക്തികളെ തെരുവിൽ തടഞ്ഞുനിർത്തി പരസ്യമായി ബയോമെട്രിക് പരിശോധന നടത്താൻ ഈ നിയമം അനുവദിക്കുന്നില്ല. മാത്രമല്ല ഡൽഹിയിൽ ഉൾപ്പെടെ ബയോമെട്രിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് പൗരൻമാര്‍ക്കെതിരെ കേസുകളും രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളും നടത്തുന്നതായി വലിയ പരാതികളും മൗലികാവകാശ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. പുതിയ സാങ്കേതികവിദ്യ പോലീസിന്റെ ജോലി എളുപ്പമാക്കുമെങ്കിലും ഇത് നിയമപരമായ ചോദ്യങ്ങളും നൈതിക തതര്‍ക്കങ്ങളും ബാക്കി വെക്കുന്നു.

"ഡിജിറ്റൽ യുഗത്തിൽ വിരലടയാളം, ഫേഷ്യൽ റെക്കഗ്നിഷൻ, ഐറിസ് സ്കാൻ, ഡിഎൻഎ, മൊബൈൽ ടവർ ലൊക്കേഷൻ തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ ലഭ്യമായിട്ടും, കോടതികളിൽ ഇരുന്നൂറും മുന്നൂറും പരമ്പരാഗത തെളിവുകൾ ഹാജരാക്കേണ്ടി വരുന്നത് സാങ്കേതികവിദ്യയുടെ പരാജയമാണ്." - എന്നാണ് വിമര്‍ശനങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്.
അന്വേഷണ ഏജൻസികളെ എന്ന പോലെ പൊലീസിനെയും ഇല്ലാത്ത അധികാരങ്ങൾ നൽകി പൗരൻമാരുടെ സ്വാതന്ത്രത്തിലേക്ക് കയറാൻ അനുവദിക്കുന്ന പഴുതു തുറക്കുന്നു എന്നതാണ് ഉയരുന്ന വിമര്‍ശനങ്ങൾ. പൗരൻമാര്‍ക്ക് മേൽ കടുത്ത സംശയവും നിരീക്ഷണവും പ്രഖ്യാപിക്കയാണ്. സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ വ്യക്തിയെ തടഞ്ഞു വെച്ച് വിരലടയാള പരിശോധന നടത്താനും ക്രിമിനൽ ചരിത്രാരോപം നടത്താനും "അഭിജ്ഞാൻ" ആപ് വഴി തുറക്കുന്നു. പേര് സംസ്കൃതത്തിൽ ആണെങ്കിലും ഇതിന് പിന്നിലെ ഉദ്ദേശം അത്ര സംസ്കൃതം അല്ലെന്നാണ് വിമര്‍ശനം.
ശാസ്ത്രീയ തെളിവുകൾ കൃത്യമായി ശേഖരിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യതയാർന്ന കുറ്റപത്രങ്ങൾ തയാറാക്കാനും പോലീസുകാർക്ക് പ്രായോഗിക പരിശീലനം നൽകുമെന്നും വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും ആപ് പുറത്തിറക്കിക്കൊണ്ട് അമിത് ഷാ പറഞ്ഞു.










0 comments