യുഎഇയിൽ ആറു മാസത്തിനുള്ളിൽ അറുപത് ലക്ഷം വിപിഎൻ ഡൗൺലോഡ്; 20 ലക്ഷം ദിർഹം വരെ പിഴ

ദിലീപ് സി എൻ എൻ
Published on Oct 27, 2025, 06:17 PM | 2 min read
ദുബായ് : വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ ലോകത്തിലെ തന്നെ മുന്നിലുള്ള രാജ്യമായി യുഎഇ മാറിയതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ രാജ്യത്ത് വിപിഎൻ സ്വീകരണ നിരക്ക് ഏറ്റവും ഉയർന്നതായാണ് സൈബർന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
2020 മുതൽ 2025-ലെ ആദ്യ പകുതിവരെ യുഎഇയിലെ വിപിഎൻ സ്വീകരണ നിരക്ക് 65.78 ശതമാനം ആയിരുന്നു. ഖത്തർ (55.43 ശതമാനം), സിംഗപ്പൂർ (38.23 ശതമാനം), നൗറു (35.49 ശതമാനം), ഒമാൻ (31 ശതമാനം), സൗദി അറേബ്യ (28.93 ശതമാനം) എന്നിവയാണ് പിന്നാലെ വന്നത്.
2025ലെ ആദ്യ ആറുമാസത്തിനുള്ളിൽ മാത്രം യുഎഇയിൽ 61.1 ലക്ഷം വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 92 ലക്ഷം, 2023-ൽ 78 ലക്ഷം, 2022-ൽ 65 ലക്ഷം ഡൗൺലോഡുകളായിരുന്നു. ഇതേ വേഗത്തിൽ തുടർന്നാൽ ഈ വർഷം കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ ജനസംഖ്യ റെക്കോർഡ് 1.144 കോടി ആയി ഉയർന്നതും വിപിഎൻ ഉപയോഗ വർധനവിനൊപ്പം കാണപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു. യുഎഇയിൽ വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നത് നിയമപരമാണ്. എന്നാൽ അവയെ അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
ഫെഡറൽ ഡിക്രി നിയമം നമ്പർ (34) ഓഫ് 2021 – സൈബർ കുറ്റകൃത്യങ്ങളും വ്യാജവാർത്തകളും പ്രതിരോധിക്കുന്നതിനുള്ള നിയമം – പ്രകാരം, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനോ മറച്ചുവയ്ക്കുന്നതിനോ അല്ലെങ്കിൽ യുഎഇ സർക്കാർ തടഞ്ഞ വെബ്‌സൈറ്റുകൾ, കോളിംഗ് ആപ്പുകൾ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ മുതലായവ പ്രവേശിക്കാൻ വിപിഎൻ ഉപയോഗിക്കുന്നതോ കുറ്റകരമാണ്. ഇത്തരത്തിലുള്ള ദുരുപയോഗത്തിന് അഞ്ച് ലക്ഷം മുതൽ ഇരുപത് ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.
ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ തുടങ്ങിയവയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങൾ വിപിഎൻ ഉപയോഗത്തിൽ മുൻപന്തിയിലാണ്. യുഎഇയ്ക്ക് പിന്നാലെ ഖത്തർ (39.6 ശതമാനം), ഒമാൻ (36.7 ശതമാനം), നൗറു (33.2 ശതമാനം), സിംഗപ്പൂർ (27.5 ശതമാനം), സൗദി അറേബ്യ (19.7 ശതമാനം) എന്നിവയാണ് മുൻപിൽ.
സൈബർന്യൂസ് റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യതയും ഇന്റർനെറ്റ് നിയന്ത്രണങ്ങളും കാരണം ലോകമെമ്പാടും വിപിഎൻ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് മേഖലയിൽ സർക്കാർ തലത്തിലുള്ള നിയന്ത്രണങ്ങൾ മൂലം വിപിഎൻ ഉപയോഗം ഉയർന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു.
ആഫ്രിക്കയിൽ വിപിഎൻ ഉപയോഗം ഏറ്റവും കുറവാണെന്നും, 21 രാജ്യങ്ങളിൽ ഒന്നും മുൻനിരയിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.










0 comments