കാവൽക്കാരെ നിയമിക്കുമ്പോൾ താമസരേഖ ഉറപ്പാക്കണം

കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ചാലറ്റുകൾ, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ കാവൽക്കാരെ നിയമിക്കുമ്പോൾ താമസരേഖകളും തൊഴിൽ അനുമതിയും കൃത്യമായി പരിശോധിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ കാവൽക്കാരായി നിയമിക്കുകയോ താമസിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
കാവൽ ജോലിക്ക് നിയമിക്കുന്നവർക്ക് സാധുവായ താമസാനുമതി ഉണ്ടായിരിക്കണം. ഇവർ ബന്ധപ്പെട്ട സ്ഥലത്തിന്റെ ഉടമയുടെയോ നിർമാണച്ചുമതലയുള്ള കമ്പനിയുടെയോ സ-്പോൺസർഷിപ്പിലായിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. നിയമനത്തിനു മുമ്പ് തൊഴിലാളികൾക്കെതിരെ ജോലിയിൽനിന്ന് ഒളിച്ചോടിയതായുള്ള പരാതിയോ കോടതി വിധികളോ സുരക്ഷാപരമായ നിയന്ത്രണങ്ങളോ നിലവിലില്ലെന്ന് ഉറപ്പാക്കണം. താമസ–തൊഴിൽ നിയമങ്ങൾ ലംഘിച്ച് ആളുകളെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി താമസ–തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്ക് ജോലിയോ താമസസൗകര്യമോ നൽകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.








0 comments