ജലചർച്ചകളിൽ ഭക്ഷ്യമേഖലയെയും പങ്കാളികളാക്കാൻ യുഎഇ

ദുബായ്: ആഗോള ജലസമ്മേളനത്തിന് മുന്നോടിയായി ജലവിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഭക്ഷ്യ മേഖലയിലെ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് യുഎഇ. ഡിസംബറിൽ അബുദാബിയിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജലസമ്മേളനത്തിന് മുന്നോടിയായാണ് ആഹ്വാനം. ഗ്ലോബൽ ഫുഡ് വീക്കിന്റെ ഭാഗമായി നടന്ന പാൽറ്റ് സമ്മേളനത്തിൽ വിദേശ സഹമന്ത്രി അബ്ദുള്ള ബലാലയാണ് ഇക്കാര്യം അറിയിച്ചത്.
കരയിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ 95 ശതമാനത്തിലധികവും ശുദ്ധജലത്തെ ആശ്രയിച്ചാണ്. ആഗോള ശുദ്ധജല ഉപയോഗത്തിന്റെ 70 ശതമാനത്തോളം കൃഷിക്കായി വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 970 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജലോപയോഗം കുറച്ചുകൊണ്ട് കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുകയെന്ന വെല്ലുവിളി ലോകം നേരിടേണ്ടിവരും. ഭക്ഷ്യോൽപ്പാദനം 50 ശതമാനം വർധിപ്പിക്കേണ്ടിവന്നാൽ അതിനനുസരിച്ച് ജലലഭ്യതയും വർധിക്കുമെന്ന് കരുതാനാകില്ല. ഓരോ തുള്ളി വെള്ളത്തിൽനിന്നും പരമാവധി പ്രയോജനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബദൽ പ്രോട്ടീനുകൾ, പരീക്ഷണശാലകളിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ-്തുക്കൾ, ആൽഗകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഭക്ഷ്യോൽപ്പാദന മേഖലയെ കൂടുതൽ കാര്യക്ഷമവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യോൽപ്പാദകർ, നിക്ഷേപകർ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, ഗവേഷകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് യുഎഇ അഭ്യർഥിച്ചു. ഡിസംബർ എട്ടുമുതൽ 10 വരെ അബുദാബി നാഷണൽ എക-്സിബിഷൻ സെന്ററിലാണ് ജലസമ്മേളനം.








0 comments