സംസ്ഥാന ഗെയിംസ് നടത്തിപ്പിലെ വീഴ്‌ച: അക്വാട്ടിക്‌സ് കോംപ്ലക്‌സ് അടച്ച് സർക്കാരിന്റെ പ്രതികാരം

തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് നടത്തിപ്പിൽ പൊതുവിദ്യാഭ്യാസ വകുപ്പിനും സർക്കാരിനുമുണ്ടായ വീഴ്‌ച മറയ്‌ക്കാൻ കായിക താരങ്ങൾക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. അപകടത്തിനുപിന്നാലെ അന്വേഷണമെന്ന പേരിൽ അടച്ച അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തൽക്കുളങ്ങൾ 10 ദിവസം പിന്നിട്ടിട്ടും തുറന്നില്ല.
അപകടത്തെത്തുടർന്ന് മാറ്റിവച്ച നീന്തൽ മത്സര ഇനങ്ങളിൽ പരിശീലനം നടത്താൻ സൗകര്യമില്ലാതെ ഒട്ടേറെപ്പേർ പ്രതിസന്ധിയിലാണ്. അപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനായാണ് ഈ ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, നടപടി പൂർത്തിയാക്കി കുളം സ്‌പോർട്‌സ് കൗൺസിലിന് കൈമാറാൻ പൊലീസ് കാലതാമസം വരുത്തുകയാണെന്നാണ് രക്ഷിതാക്കളുടെ പരാതി.
സായിക്കും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനും കീഴിലുള്ള 48-ഉം വിവിധ ക്ലബ്ബുകളിലും കൂട്ടായ്‌മകളിലുമുള്ള 20ഉം കുട്ടികളാണ് ഇവിടെ പരിശീലനം നടത്തിയിരുന്നത്.
ഗെയിംസിന്റെ ഭാഗമായുള്ള 48 ഇനങ്ങളാണ് പിന്നീട് നടത്താനായി മാറ്റിവച്ചിട്ടുള്ളത്. പൂങ്കുന്നത്തെ അമ്പലക്കുളം ഉൾപ്പെടെ പലയിടങ്ങളിലുമുള്ള കുളങ്ങളിലാണ് നിലവിൽ ഇവർ പരിശീലനം നടത്തുന്നത്. സൗകര്യങ്ങളൊന്നുമില്ലാത്ത ഇത്തരം കുളങ്ങളിൽ പരിശീലനം നടത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്. സൗജന്യമായാണ് ഇവിടെ പരിശീലനം. എന്നാൽ, നഗരത്തിലെ മറ്റു നീന്തൽക്കുളങ്ങളിൽ വലിയ പണം നൽകണം. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല.
മത്സരത്തിനു തൊട്ടുമുമ്പുള്ള പരിശീലനം നഷ്ടപ്പെട്ടാൽ ആത്മവിശ്വാസം നഷ്ടപ്പെടുകയും കുട്ടികളുടെ ഒരുവർഷത്തെ അധ്വാനം പാഴായിപ്പോകുകയും ചെയ്യും. ഒന്നിനാണ് ഗെയിംസ് മത്സരത്തിനായി താൽക്കാലികമായി കെട്ടിയ പന്തലിനു മുകളിലെ ഷീറ്റ് തകർന്നുവീണത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഡിഡിഇയുടെയും നേതൃത്വത്തിൽ മേള നടത്തുന്നതിനായുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല. ഇൗ നിയമ ലംഘനങ്ങൾ മറയ്‌ക്കാൻ അധ്യാപകരെ ബലിയാടാക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി കുറ്റാരോപിതയായ ഡിഡിഇ തന്നെ റിപ്പോർട്ട് തയ്യാറാക്കുന്ന വിചിത്ര നടപടിയുമുണ്ടായി. ഇതിനിടയിലാണ് മേളയുടെ നടത്തിപ്പിനെതിരെ പ്രതിഷേധിച്ച കായികതാരങ്ങൾക്കെതിരെ പ്രതികാര നടപടിയായി നീന്തൽക്കുളങ്ങൾ അടച്ചിട്ടത്.
കായികമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പൊലീസ് നീന്തൽക്കുളങ്ങൾ പൂട്ടിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. നീന്തൽക്കുളം നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ടി എൻ സ്‌മിത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.









0 comments