Deshabhimani

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

Rain Alert Kerala
വെബ് ഡെസ്ക്

Published on Oct 11, 2026, 08:30 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മലാക്ക കടലിടുക്കിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യവടക്കന്‍ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്‌നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home