റിയാദിൽ തുമാമ റോഡ് മേൽപ്പാലം തുറന്നു; 6 മാസത്തിൽ നിർമാണം പൂർത്തിയാക്കി

റിയാദ്: ആറുമാസത്തെ നിർമാണപ്രവർത്തനങ്ങൾക്കുശേഷം റിയാദിലെ തുമാമ റോഡ് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു. തുമാമ റോഡും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡും ചേരുന്ന ഭാഗത്തെ മേൽപ്പാലം വെള്ളി രാവിലെ ആറിനാണ് വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്. റിയാദ് നഗരത്തിന്റെ കിഴക്കൻ മേഖലകളിൽനിന്ന് പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ-്‌ക്കാനും പുതിയ മേൽപ്പാലം സഹായിക്കും. കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലേക്കും സമീപത്തെ പ്രധാന റോഡുകളിലേക്കും താമസ-വാണിജ്യ മേഖലകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും ഇതുവഴി സാധിക്കും.
ഏകദേശം 400 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിൽ ഇരുദിശകളിലുമായി ആറ് പ്രധാന പാതകളുണ്ട്. ഓരോ ദിശയിലും മൂന്ന് പാതകളും രണ്ട് സർവീസ് പാതകളും ഒരുക്കിയിട്ടുണ്ട്. പഴയ മേൽപ്പാലം പൊളിച്ചുമാറ്റിയശേഷം ഏപ്രിൽ ഒന്നിനാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. റിയാദ് മെട്രോയുടെ തൂണുകൾക്ക് സമീപവും തിരക്കേറിയ റോഡിന് മുകളിലുമായി 3200 ടണ്ണിലധികം ഭാരമുള്ള നിർമാണഘടകങ്ങൾ സ്ഥാപിച്ചാണ് പാലം പൂർത്തിയാക്കിയത്. വാഹനഗതാഗതം സമാന്തരമായി തുടരുന്നതിനാൽ നിർമാണപ്രവർത്തനങ്ങൾ ഗതാഗതത്തിന് തടസമായില്ല.
റിയാദിലെ 24 കിലോമീറ്റർ നീളമുള്ള തുമാമ റോഡ് വികസനപദ്ധതിയുടെ ഭാഗമാണ് പുതിയ മേൽപ്പാലം. കിഴക്ക് ഷെയ്‌ഖ് ജാബിർ അൽ സബാഹ് റോഡ് മുതൽ പടിഞ്ഞാറ് കിങ് ഖാലിദ് റോഡ് വരെയാണ് ഈ പാത. പദ്ധതിയിൽ 17 മേൽപ്പാലങ്ങളും 10 തുരങ്കങ്ങളും മൂന്ന് ജങ്ഷനുകളും ഉൾപ്പെടുന്നു. തുമാമ റോഡും കിങ് അബ്‌ദുൾ അസീസ് റോഡും ചേരുന്ന ഭാഗത്തും മറ്റു മേഖലകളിലും വികസനപ്രവർത്തനങ്ങൾ തുടരുകയാണ്. റിയാദിലെ പ്രധാന റോഡുകളുടെയും വലിയ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി 22-ൽ അധികം പദ്ധതികളിലൂടെ നഗരത്തിലെ 500 കിലോമീറ്ററിലധികം റോഡുകൾ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.








0 comments