മേയർ ആകാൻ കൊതിച്ചു കൗൺസിലർ ആയി ഒതുക്കി ; ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ആർ ശ്രീലേഖ

ശ്രീലേഖ| Photo: Screengrab
തിരുവനന്തപുരം : മേയറാക്കാത്തതിൽ ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും അതൃപ്തി പരസ്യമാക്കി ആർ ശ്രീലേഖ രംഗത്ത്. മേയറാക്കാൻ കൊണ്ടുവന്ന തന്നെ കൗൺസിലറാക്കി ഒതുക്കിയെന്ന രീതിയിലായിരുന്നു പ്രതികരണം. കൗൺസിലർ എന്ന നിലയിൽ ഇപ്പോൾ അത്യാവശ്യ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ കഴിയുന്നുള്ളൂവെന്നും ശ്രീലേഖ പറഞ്ഞു.
സ്വന്തം യൂട്യൂബ് ചാനലായ ‘സസ്നേഹം ശ്രീലേഖ’യിലൂടെയാണ് ശ്രീലേഖ പ്രതികരിച്ചത്. വാർഡിലെ പ്രശ്നങ്ങളും പരാതികളുമായി എല്ലാ ദിവസവും ആളുകൾ വീട്ടിലെത്തുന്നുണ്ട്. ഞായറാഴ്ചകളിൽപ്പോലും പരാതികളുമായി ആളുകൾ എത്തുന്നു. എന്നാൽ കൗൺസിലർ എന്ന നിലയിൽ പരിമിതമായ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 30-ാം തീയതി രാജിക്കത്ത് നൽകിയിരുന്നുവെന്നും നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് തീരുമാനം പിൻവലിച്ചതെന്നും ശ്രീലേഖ വെളിപ്പെടുത്തി. പ്രയാസങ്ങൾ സഹിച്ചാണ് ഇപ്പോൾ കൗൺസിലറായി തുടരുന്നത്. താൻ വിശ്വസിച്ച പലരും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നില്ലെന്നും യഥാർഥ മിത്രങ്ങൾ ആരാണെന്ന് ഇപ്പോൾ മനസ്സിലായെന്നും അവർ വ്യക്തമാക്കി. തൽക്കാലം മാറിനിൽക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.








0 comments