Deshabhimani

ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി യുഎഇ; പ്രേരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ

1280
വെബ് ഡെസ്ക്

Published on Oct 11, 2026, 08:21 AM | 1 min read

ദുബായ്: ആത്മഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ. ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയും മറ്റുള്ളവരെ ആത്മഹത്യയ്-്‌ക്ക്‌ പ്രേരിപ്പിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ-്‌തുമാണ്‌ നിയമം. മാനസിക പ്രതിസന്ധി നേരിടുന്നവർക്ക്‌ നിയമനടപടി ഭയക്കാതെ സഹായം തേടുന്നതിന് പ്രോത്സാഹനം നൽകുക, പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പ്രതിസന്ധികൾ നേരത്തേ തിരിച്ചറിഞ്ഞ് ഇടപെടുക എന്നിവയാണ് ഭേദഗതിയുടെ ലക്ഷ്യം.


​ആത്മഹത്യാശ്രമത്തിന്റെ ഫലമനുസരിച്ചാണ് പ്രേരിപ്പിക്കുന്നവർക്കും സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നിശ്ചയിക്കുക. ആത്മഹത്യാശ്രമം മരണത്തിൽ കലാശിക്കാത്ത സാഹചര്യങ്ങളിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും. സ്ഥിരമായ വൈകല്യത്തിനോ മരണത്തിനോ കാരണമായാൽ തടവുശിക്ഷ കടുപ്പിക്കും. പ്രായപൂർത്തിയാകാത്തവർ, സ്വന്തം ഇച്ഛാശക്തിയോ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ കുറഞ്ഞവർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇത്തരം പ്രവൃത്തികൾ നടത്തുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ നിശ്ചയിച്ചിട്ടുള്ള ശിക്ഷകൾ ഇവർക്കും ബാധകമാകും. ഈ വ്യവസ്ഥകൾ പ്രകാരം കുറ്റക്കാരാകുന്ന വിദേശികളെ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.


​പ്രതികാരനീതിയായ ഖിസാസ് സംബന്ധിച്ച വ്യവസ്ഥകളിലും ഭേദഗതിയുണ്ട്. ഇരയുടെ അവകാശികൾ ഖിസാസ് നടപ്പാക്കാനുള്ള അവകാശം ഉപേക്ഷിക്കുന്ന ചില സാഹചര്യങ്ങളിൽ തടവുശിക്ഷ വർധിപ്പിക്കും. ​നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും മനുഷ്യന്റെ അന്തസും സമൂഹത്തിന്റെ സുരക്ഷയും നിലനിർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഭേദഗതിയെന്ന് യുഎഇ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home