ഒപെക് വിട്ട് യുഎഇ; തീരുമാനം മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

അനസ് യാസിന്‍
Published on Apr 29, 2026, 04:27 PM | 2 min read
മനാമ : പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപെകില്‍നിന്നും ഒപെക് പ്ലസില്‍നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് യുഎഇ. ദീര്‍ഘകാലത്തെ സഹകരണത്തിന് വിരാമമിട്ട് മെയ് ഒന്നുമുതല്‍ പിന്മാറ്റം പ്രാബല്യത്തില്‍ വരുമെന്നും യുഎഇ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ ഉല്‍പ്പാദന നയങ്ങളിലും ഭാവി ശേഷിയിലും നടത്തിയ സമഗ്രമായ പുനഃപരിശോധനയ്ക്കുശേഷമാണ് നിര്‍ണായക തീരുമാനം.
യുഎഇയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള ഊര്‍ജവിപണിയിലെ വര്‍ധിച്ചുവരുന്ന ആവശ്യകതകള്‍ക്ക് കൂടുതല്‍ ഫലപ്രദമായി മറുപടി നല്‍കാനും വേണ്ടിയാണ് നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്ണ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനായി രാജ്യം വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്. ഒപെക് നിശ്ചയിക്കുന്ന ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും വികസന കാഴ്ചപ്പാടിനും തടസ്സമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവടുവയ്‌പ്.
അറബിക്കടലിലും ഹോര്‍മുസ് കടലിടുക്കിലുമുണ്ടാകുന്ന അസ്ഥിരതകള്‍ ആഗോള ഊര്‍ജവിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഊര്‍ജസ്രോതസ്സായി തുടരാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവില്‍ കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളുന്നതും ഉല്‍പ്പാദന ചെലവ് കുറഞ്ഞതുമായ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യുഎഇ. ഒപെകില്‍നിന്ന് പുറത്ത് വരുന്നതോടെ വിപണിയിലെ ആവശ്യാനുസരണം ഉല്‍പ്പാദനത്തില്‍ മാറ്റം വരുത്താന്‍ യുഎഇയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
1967ല്‍ ഒപെകില്‍ ആദ്യമായി അംഗമായത് അബുദാബി എമിറേറ്റാണ്. 1971ല്‍ യുഎഇ രൂപീകൃതമായതിനുശേഷവും ആഗോള എണ്ണ വിപണിയുടെ സ്ഥിരതയ്ക്കായി സംഘടനയില്‍ യുഎഇ സജീവമായി നിലകൊണ്ടു. പതിറ്റാണ്ടുകള്‍ നീണ്ട സഹകരണത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിമുതല്‍ രാജ്യത്തിന്റെ മുന്‍ഗണനകള്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ക്കുമായിരിക്കും പ്രാധാന്യമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
ഒപെക് വിട്ടാലും ആഗോള വിപണിയില്‍ ഉത്തരവാദിത്വമുള്ള പങ്കാളിയായി തുടരുമെന്ന് യുഎഇ പ്രഖ്യാപിച്ചു. വിപണിയിലെ സ്ഥിരത തകര്‍ക്കുന്ന രീതിയിൽ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാകില്ല. ഉല്‍പ്പാദന വര്‍ധന ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. എണ്ണയ്ക്കും വാതകത്തിനും പുറമെ പുനരുപയോഗ ഊര്‍ജം, കാര്‍ബണ്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലും യുഎഇ നിക്ഷേപം തുടരും. യുഎഇയുടെ തീരുമാനം ആഗോള വിപണിയില്‍ എണ്ണവിലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നായ യുഎഇയുടെ പിന്മാറ്റം ഒപെക് സഖ്യത്തിന്റെ കരുത്തിനെ ബാധിച്ചേക്കും.









0 comments