പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനം
സമരകാഹളം മുഴക്കി കർഷകസംഘം ജനങ്ങൾക്കൊപ്പം ഏതറ്റംവരെയും


സ്വന്തം ലേഖകൻ
Published on Sep 04, 2026, 12:53 AM | 1 min read
കുളത്തൂപ്പുഴ
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ പേരിൽ കർഷകരെയും ജനങ്ങളെയും ദ്രോഹിക്കാൻ ശ്രമിക്കുന്ന കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ സമരകാഹളം മുഴക്കി കേരള കർഷകസംഘം. കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി കുളത്തൂപ്പുഴയിൽ നടത്തിയ സമരപ്രഖ്യാപന കൺവൻഷനിൽ നൂറുകണക്കിന് കർഷകരും നാട്ടുകാരും പങ്കെടുത്തു. തലമുറകളായി അധ്വാനിച്ച് മണ്ണുപൊന്നാക്കിയ കൃഷിഭൂമിയും പാർപ്പിടങ്ങളും വിട്ടുതരില്ലെന്ന പ്രഖ്യാപനവുമായി മലയോര ജനത ഒന്നാകെ യോഗത്തിൽ അണിനിരന്നു. ഉപജീവനമാർഗം തടസ്സപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾകൊണ്ട് കർഷകരെ സ്വന്തം മണ്ണിൽനിന്ന് പടിയിറക്കാനുള്ള നീക്കത്തിനെതിരെ നാടൊന്നാകെ അണിനിരക്കണമെന്ന് കൺവൻഷൻ ആഹ്വാനംചെയ്തു. പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തിൽ ജില്ലയിലെ എട്ട് വില്ലേജുകളിലായി 79,603.47ഹെക്ടർ പ്രദേശമാണ് ഉൾപ്പെട്ടത്. ഏറ്റവും കൂടുതൽ പ്രദേശം ഉൾപ്പെട്ടിട്ടുള്ള കുളത്തൂപ്പുഴ വില്ലേജിൽ മാത്രം 32,433.64 ഹെക്ടർ ഭൂമിയാണ് നിർദിഷ്ട പട്ടികയിലുള്ളത്. വന്യജീവി ആക്രമണങ്ങൾക്കുപുറമെ, നിയമങ്ങളുടെ ഈ വേട്ടയാടൽകൂടി താങ്ങാൻ കഴിയില്ലെന്നും മലയോര ജനതയ്ക്കുവേണ്ടി ഏതറ്റംവരെയും പൊരുതുമെന്നും അവരുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കൺവൻഷൻ പ്രഖ്യാപിച്ചു. കുളത്തൂപ്പുഴ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി കെ അനിരുദ്ധൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ജയമോഹൻ, എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ബിജു കെ മാത്യു, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ്, വി എസ് സതീഷ്, ഡി വിശ്വസേനൻ, എസ് ബിജു, എസ് ഗോപകുമാർ, കെ സുരേന്ദ്രൻനായർ, വി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.










0 comments