ജനങ്ങളുടെ അവകാശം സംരക്ഷിക്കുംവരെ പോരാട്ടം: ഇ പി ജയരാജൻ

കുളത്തൂപ്പുഴ
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ പേരിൽ കർഷകരെയും മറ്റുജനവിഭാഗങ്ങളെയും ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും അവരുടെ അവകാശത്തിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ. കൃഷിഭൂമി കോർപറേറുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിനുവേണ്ടി തയ്യാറാക്കിയ നിയമത്തിന്റെ അപകടം മയപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ അവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കർഷകസംഘവും ഇടതുപക്ഷപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുമെന്നും കുളത്തൂപ്പുഴയിൽ കേരള കർഷകസംഘം സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷൻ ഉദ്‌ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്താണ് പരിസ്ഥിതിലോല പ്രദേശമെന്ന നിർവചനമുണ്ടാകുന്നത്. കോർപറേറ്റുകൾക്കും വൻകിട വ്യവസായികൾക്കും ഭൂമികൊടുക്കാൻ കൃഷിക്കാരിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. പശ്ചിമഘട്ട പ്രദേശങ്ങൾ ആകെ പരിസ്ഥിതി ദുർബലമാണെന്നും കൃഷി, താമസം ഉൾപ്പെടെ ഒഴിവാക്കണമെന്നും നിർദേശം കൊണ്ടുവന്നു. കർഷകർ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെ ഡോ. മാധവ് ഗാഡ്ഗിലിനെയും പിന്നീട് കസ്തൂരിരംഗനെയും കമീഷനായി നിയമിച്ചു. ജില്ലയിലെ എട്ടു വില്ലേജുകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ പരിസ്ഥിതിലോലമാണെന്ന് ഇരുവരുടെയും റിപ്പോർട്ടിലുണ്ടായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഈപ്രദേശങ്ങൾ വനമേഖലയാണെന്ന് കാണിച്ച് കേന്ദ്രത്തിനുറിപ്പോർട്ട് നൽകി. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ സമഗ്ര പഠനം നടത്തി 8500 ചതുരശ്ര കിലോമീറ്റർ മാത്രമേ വരൂ എന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. എന്നാൽ, കേന്ദ്രവിജ്ഞാപനത്തിൽ ഉമ്മൻചാണ്ടി സർക്കാർ കൊടുത്ത റിപ്പോർട്ട് മാത്രമാണ് ഉൾപ്പെടുത്തിയത്. ഇൗ സത്യം മറച്ചുപിടിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇ എം എസ് സർക്കാരിന്റെ കാലത്ത് ഭൂപരിഷ്കരണം നടപ്പാക്കി വികസനം കൊണ്ടുവന്ന നാടാണ് കേരളം. നാടിനുവേണ്ടി ജീവൻമരണ പോരാട്ടം നടത്തിയവരാണ് കേരളത്തിലുള്ളത്. ഇൗ വിഷയത്തിലും ജനങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.










0 comments