ad
Deshabhimani

വലിയ പണമിടപാടിന്‌ നിയന്ത്രണം; യുഎഇ വാറ്റ് ചട്ടത്തിൽ മാറ്റം

uae vat
വെബ് ഡെസ്ക്

Published on Sep 16, 2026, 01:44 PM | 1 min read

ദുബായ് : യുഎഇയിലെ വാറ്റ് (മൂല്യവർധിത നികുതി) ചട്ടങ്ങളിൽ ഒക-്‌ടോബർ ഒന്നുമുതൽ മാറ്റം. വലിയ തുകകളുടെ പണമിടപാട്, ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കൽ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാറ്റ് ഇളവുകളെയാണ് പുതിയ ചട്ടങ്ങൾ പ്രധാനമായും ബാധിക്കുക.


​നിശ്ചിത പരിധിക്ക് മുകളിലുള്ള സാധനങ്ങളോ സേവനങ്ങളോ വാങ്ങിയശേഷം പണം കൈമാറുന്നത് പണമായി നടത്തുകയാണെങ്കിൽ അതിന്മേൽ അടച്ച വാറ്റ് തിരിച്ചുപിടിക്കാനുള്ള കമ്പനികളുടെ അവകാശം നഷ-്‌ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ഇതിനുള്ള തുകപരിധി ധനമന്ത്രിയുടെ തീരുമാനം വരുന്നതോടെ മാത്രമേ വ്യക്തമാകൂ. ബാങ്ക് കൈമാറ്റം ഉൾപ്പെടെയുള്ള രേഖപ്പെടുത്താവുന്ന പണമിടപാട് മാർഗങ്ങളിലേക്ക് മാറാൻ കമ്പനികൾ തയ്യാറാകണമെന്നാണ് നികുതി വിദഗ്ധരുടെ നിർദേശം.


തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്ന നിർമാണം, കരാർ, ഹോട്ടൽ, ഉൽപ്പാദനം, സൗകര്യപരിപാലനം, എണ്ണ-വാതക, ഗതാഗത മേഖലകളെയും മാറ്റം ബാധിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശമോ ഉത്തരവോ പ്രകാരം താമസസൗകര്യം നിർബന്ധമാണെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട ഇൻപുട്ട് വാറ്റ് തിരിച്ചുപിടിക്കാൻ സാധിക്കൂ.


​മറ്റ് ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് തൊഴിൽകരാറിലോ രേഖപ്പെടുത്തിയ കമ്പനി നയങ്ങളിലോ വ്യക്തമായ വ്യവസ്ഥയുണ്ടെങ്കിൽ നിശ്ചിത നിബന്ധനകൾക്ക് വിധേയമായി വാറ്റ് തിരിച്ചുപിടിക്കാം. ഇതുസംബന്ധിച്ച കൂടുതൽ നിബന്ധനകൾ ഫെഡറൽ നികുതി അതോറിറ്റി വ്യക്തമാക്കേണ്ടതുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home