അയോഗ്യരാക്കണമെന്ന് ആവശ്യം; പശ്ചിമ ബംഗാളിൽ പത്ത് വിമത എംഎൽഎമാർക്ക് നോട്ടീസ്

കൊൽക്കത്ത : പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയടക്കം തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗത്തോടൊപ്പമുള്ള 10 എംഎൽഎമാർക്ക് അയോഗ്യതാ ഹർജിയിൽ നോട്ടീസ്. പശ്ചിമ ബംഗാൾ നിയമസഭാ സെക്രട്ടേറിയറ്റാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം.
കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി വിഭാഗത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനാർഥിയായിരുന്ന മുതിർന്ന ടിഎംസി എംഎൽഎ ശോഭൻദേബ് ചട്ടോപാധ്യായ നൽകിയ ഹർജിയിലാണ് നോട്ടീസ്. അരൂപ് റോയ്, ഫിർഹാദ് ഹക്കിം, സന്ദീപൻ സാഹ, അഖ്റുസ്സമാൻ അൻസാരി, ഷിയൂലി സാഹ, സബീന യാസ്മിൻ, ബിപ്ലബ് മിത്ര, ജാവേദ് ഖാൻ, രതിൻ ഘോഷ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.
ജൂലൈ 7ന് ചട്ടോപാധ്യായ നിയമസഭാ സ്പീക്കർ രതിൻ ബോസിന് പരാതി നൽകിയിരുന്നു. പിന്നീട് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെയും സമീപിച്ചു. ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരായ കേസ് കൊൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലാണ്. തൃണമൂലിന്റെ 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഋതബ്രത വിഭാഗം അവകാശപ്പെടുന്നത്.









0 comments