ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കണമെന്ന് ആർഎസ്എസ്

ന്യൂഡൽഹി : രാജ്യത്തെ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിരീക്ഷിക്കണമെന്ന് ആർഎസ്എസ്. ഇതിനായുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഒരു അനൗപചാരിക സമിതി രൂപീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സാംസ്കാരിക മലിനീകരണം ഉണ്ടാകുന്നുവെന്നും ഇത് കുടുംബങ്ങളെയും യുവതലമുറയെയും ബാധിക്കുന്നുവെന്നുമാണ് ആർഎസ്എസിന്റെ വാദം. ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച സംഘം കഴിഞ്ഞ മാസം ആദ്യ യോഗം ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.
മുൻ വൈസ് ചാൻസലർമാരും വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രചാരകരും ഉൾപ്പെടുന്നതാണ് സമിതിയെന്നാണ് വിവരം. ഒടിടിയിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സെൻസർ ബോർഡ് പോലെയുള്ള സംവിധാനം ആവശ്യമാണെന്നാണ് ആർഎസ്എസിന്റെ വാദം.
നിയമ മേഖലയിലുള്ളവരുമായി കൂടുതൽ കൂടിയാലോചന നടത്തിയശേഷം ശുപാർശകൾ തയ്യാറാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾക്കും സമർപ്പിക്കാനാണ് നീക്കം. 2021ലെ Information Technology Rules ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ചാണ് ഒടിടി കണ്ടന്റുകൾ പ്രവർത്തിക്കുന്നത്. മുമ്പും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഒടിടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങൾ “ധാർമിക അധഃപതനത്തിന്” കാരണമാകുന്നുവെന്ന് ആരോപിക്കുകയും നിയമപരമായ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.









0 comments