കുമളിയിൽ വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ചു; നില ഗുരുതരം

പ്രതീകാത്മക ചിത്രം
ഇടുക്കി: കുമളിയിൽ വിദ്യാർഥിയെ കൂട്ടുകാർ ചേർന്ന് മർദിച്ചതായി പരാതി. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. കുമളി ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൊവ്വ വൈകുന്നേരമാണ് തലയിൽ സരമായി മുറിവേറ്റ് രക്തം വാർന്ന നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ നൽകിയതിനു ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില അതീവഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ ഒരു കുട്ടിക്ക് മർദനത്തിൽ പങ്കില്ലെന്ന് കണ്ടതോടെ വിട്ടയച്ചു. മൂന്നുപേര്‍ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. മർദനത്തിന് ഇരയായ കുട്ടിയുടെ തലയിൽ 15 സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇന്ന് ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തും.
കമ്പി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അബദ്ധത്തിൽ കമ്പി വീശിയപ്പോൾ തലയിൽ കൊണ്ടുവെന്നാണ് വിദ്യാർഥികളുടെയും മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മർദനത്തിന് ഇരയായ കുട്ടിയുടെ തലയിൽ അബദ്ധത്തിൽ സംഭവിക്കുന്ന മുറിവ് അല്ല ഉണ്ടായിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. എന്താണ് മർദനത്തിന് കാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.









0 comments