റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് എതിരെ 100% താരിഫ് ചുമത്താനുള്ള ബില്ല് അന്തിമമാക്കാൻ യുഎസ് സഭ

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും വാതക ഇന്ധനവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ നൂറ് ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അധികാരം നൽകുന്ന നിര്‍ണായക നിയമ നിര്‍മാണവുമായി യു എസ് പ്രതിനിധി സഭ.
ഇതിനായുള്ള പ്രമേയത്തിന് മേൽ അടിയന്തര നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി ജനപ്രതിനിധിസഭയുടെ പരിഗണനയ്ക്ക് വിട്ടു. ഇറാന് എതിരെ നിലവിലുള്ള ഉപരോധങ്ങൾ നീട്ടുന്നതും റഷ്യയ്ക്ക് എതിരെ നീക്കങ്ങൾ കടുപ്പിക്കുന്നതും ലക്ഷ്യമാക്കിയുള്ള 'ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' (Lindsey O Graham Sanctioning Russia and Iran Act of 2026) നടപടിക്രമങ്ങളുടെ ഭാഗമായുള്ള വോട്ടെടുപ്പ് 214-211 എന്ന ഭൂരിപക്ഷത്തിൽ സഭ പാസാക്കി. ഇതിൽ രണ്ട് ഡെമോക്രാറ്റിക് അംഗങ്ങളും ഭരണപക്ഷമായ റിപ്പബ്ലിക് അംഗങ്ങൾക്ക് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്തതായി യു എസ് മാധ്യമങ്ങൾ റിപോര്‍ട് ചെയ്തു.
ആഗസ്ത് എഴിന് അമേരിക്കൻ സെനറ്റ് 86-11 എന്ന വൻ ഭൂരിപക്ഷത്തോടെയാണ് ഈ ബില്ലിന് അംഗീകാരം നൽകിയത്. ഇനി ജനപ്രതിനിധി സഭയിൽ അന്തിമ വോട്ടെടുപ്പ് പൂര്‍ത്തിയായി പാസാവുന്നതോടെ മാത്രമാണ് ഈ ബില്ല് പ്രസിഡന്റിന്റെ ഒപ്പിനായി അയക്കുക. അമേരിക്കയിൽ മഡ്ടേം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. വ്യാഴാഴ്ച സഭ പിരിയും. ഇതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ സഭയുടെ അന്തിമ വോട്ടെടുപ്പ് ഉണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയോട്
പേരുപറയാതെ വ്യാപാര യുദ്ധം
റഷ്യയുമായി അസംസ്കൃത എണ്ണ പ്രകൃതിവാതക ഇടപാടുകൾ ഏറ്റവും അധികം നടത്തുന്ന അഞ്ച് രാജ്യങ്ങളെയാണ് ബില്ല് ലക്ഷ്യം വെക്കുന്നത്. ആര്‍ക്കെതിരെയാവും എന്ന് പേര് പറയാതെയാണ് അമേരിക്കയുടെ നീക്കം. എന്നാൽ റഷ്യൻ ഇടപാടിൽ മുൻ നിരയിലെ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ചൈനയും പ്രഥമ സ്ഥാനങ്ങളിലാണ്. നിയന്ത്രണങ്ങൾ മറികടന്ന് എണ്ണ ലഭ്യത ഉറപ്പാക്കാൻ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാറുള്ള ഷാഡോ ഫ്ലീറ്റ് ശൃംഖലയെ തടയാനും ബില്ലിൽ വ്യവസ്ഥയുണ്ട്. എല്ലാ തലത്തിലും തരത്തിലും ഇന്ത്യയ്ക്ക് എതിരായ നികുതി യുദ്ധം ശക്തമാക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതൽ വിധേയത്വം പ്രഖ്യാപിച്ച് ഇതിനെ മറികടക്കാൻ ശ്രമിച്ചത് പരാജയമായി. നേരത്തെ വ്യാപാര കരാര്‍ അനുകൂല വ്യവസ്ഥകളോടെ ഉറപ്പാക്കാൻ ഉപാധിയാക്കിയും അമേരിക്ക ഇതിനെ ഉപയോഗപ്പെടുത്തി. ഇപ്പോൾ വീണ്ടും നീക്കം കടുപ്പിക്കയാണ്. ഉക്രെയ്ൻ യുദ്ധത്തിനായി എണ്ണ കച്ചവടത്തിലൂടെ ലഭിക്കുന്ന സമ്പത്ത് റഷ്യ പ്രയോജനപ്പെടുത്തുന്നു എന്നു വാദിച്ചാണ് യു എസ് നികുതി യുദ്ധത്തിന് ന്യായം തീര്‍ക്കുന്നത്.
ഇതേ സമയം അമേരിക്കയിൽ തന്നെ ഇത്തരം നീക്കത്തിനെതിരെ പ്രതിഷധം ഉയരുന്നുമുണ്ട്. ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രമുഖ അംഗമായ ഗ്രെഗറി മീക്സ് ബില്ലിനെ ശക്തമായി എതിര്‍ത്തു. യു എസിന് തന്നെ ഇത് തിരിച്ചടിയാവും എന്നാണ് ഈ ഡെമോക്രാറ്റ് അംഗങ്ങൾ വാദിക്കുന്നത്. രാജ്യത്ത് ഇപ്പോൾ തുടരുന്ന വിലക്കയറ്റം രൂക്ഷമാവാൻ കാരണമാവും എന്നും അവര്‍ വാദിക്കുന്നു.
അമേരിക്കൻ കോളിഷൻ ഫോർ ഉക്രെയ്ൻ സംഘടിപ്പിക്കുന്ന 'ഉക്രെയ്ൻ ആക്ഷൻ ഉച്ചകോടി' വാഷിങ്ടണിൽ നടക്കുന്നിതിനിടെ ബില്ല് പാസാക്കിയെടുക്കാനാണ് ട്രംപീന്റെ നീക്കം.









0 comments