ad
Deshabhimani

ശുചിത്വമില്ല; മുംബൈയിലെ പ്രശസ്തമായ കഫേ മോണ്ടെഗാറിന് പൂട്ട്

cafe montegar
വെബ് ഡെസ്ക്

Published on Sep 16, 2026, 12:28 PM | 1 min read

മുംബൈ : ഭക്ഷ്യസുരക്ഷയും ശുചിത്വവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ പ്രശസ്തമായ കഫേ മോണ്ടെഗാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ (FDA) ന്റേതാണ് നടപടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കൊളാബയിലെ കഫേ മോണ്ടെഗാറിനൊപ്പം മുംബൈയിലെ മറ്റ് മൂന്ന് ഭക്ഷണശാലകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.


കഫേ മോണ്ടെ​ഗാറിൽ നടത്തിയ പരിശോധനയിൽ പരിശോധനയിൽ ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിന് മുകളിലും തണുത്ത ഭക്ഷണം 5 ഡിഗ്രി സെൽഷ്യസിന് താഴെയും സൂക്ഷിക്കണമെന്ന മാനദണ്ഡം പാലിച്ചിരുന്നില്ലെന്ന് എഫ്ഡിഎ കണ്ടെത്തി. ഭക്ഷണം പാചകം ചെയ്യുന്നതിനും പാചകം ചെയ്ത ഭക്ഷണം തണുപ്പിക്കുന്നതിനുമുള്ള ശരിയായ രീതികളും പിന്തുടർന്നിരുന്നില്ലെന്ന് കണ്ടെത്തി. ഇവ ക്രോസ്-കണ്ടാമിനേഷൻ സാധ്യത വർധിപ്പിച്ചതായും അധികൃതർ പറയുന്നു. നനവ് മൂലം കഫേയുടെ ഉൾവശം വൃത്തികേടായിരുന്നുവെന്നും ഭക്ഷണം തയ്യാറാക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആവശ്യമായ രീതിയിൽ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തിരുന്നില്ലെന്നും എഫ്ഡിഎ പറയുന്നു.


ഉത്സവകാലത്തോടനുബന്ധിച്ച് എഫ്ഡിഎ കമീഷണർ തുകാറാം മുണ്ടെയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയിലുടനീളം പരിശോധന ശക്തമാക്കിയത്. 38 സ്ഥാപനങ്ങളിൽ ഇതുവരെ പരിശോധന നടത്തി. കഫേ മോണ്ടെഗാറിന് പുറമെ കണ്ടിവലിയിലെ മഹാരാഷ്ട്ര ബിരിയാണി സെന്റർ, ഘട്കോപ്പർ വെസ്റ്റിലെ ത്രിഭുവൻ ഡെയറി ഫാം, ഘട്കോപ്പർ ഈസ്റ്റിലെ മഹാവീർ കാഷ്യു ആൻഡ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കെതിരെയുമാണ് നടപടി.


മുംബൈയിലെ കൊളാബയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കഫേ മോണ്ടെഗാർ (മോണ്ടീസ്). പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റും ചിത്രകാരനുമായ മരിയോ മിരാൻഡ റസ്റ്റോറൻ്റിലെ എല്ലാ ഉൾഭിത്തികളിലും പ്രവേശന കവാടത്തിലെ മേൽക്കൂരയിലും തൻ്റെ കാർട്ടൂണുകൾ ചുവർചിത്രങ്ങളായി വരച്ചിട്ടുണ്ട്. 1932ലാണ് കഫേ ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home