വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് മരണം

വീഡിയോ സ്ക്രീൻഷോട്ട്
ലോസ് ഏഞ്ചൽസ് : അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ന്യൂസ് ചാനലിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. മൂന്നുപേർ മരിച്ചതായാണ് വിവരം. ലോസ് ആഞ്ചലസിലെ ചാറ്റ്‌സ്‌വർത്തിൽ എസ്‌യുവിയും ലോസ് ആഞ്ചലസ് മെട്രോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് എൻബിസി 4 ന്യൂസ് ചാനലിന്റെ ഹെലികോപ്റ്റർ തകർന്നുവീണത്.
‘NewsChopper4’ എന്ന ഹെലികോപ്റ്ററാണ് പ്രാദേശിക സമയം ഏഴോടെ തകർന്നുവീണത്. മരിച്ച മൂന്നുപേരിൽ രണ്ടുപേർ ഹെലികോപ്റ്ററിലും ഒരാൾ താഴെ അപകടസ്ഥലത്തുമുണ്ടായിരുന്ന വ്യക്തിയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റർ അപകടത്തിനുമുമ്പ് സ്ഥലത്ത് ഒരു എസ്‌യുവിയും ലോസ് ആഞ്ചലസ് മെട്രോ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് വാർത്താ ഹെലികോപ്റ്റർ തകർന്നത്.
തകർന്ന ഹെലികോപ്റ്റർ വാണിജ്യ കെട്ടിടങ്ങൾക്ക് സമീപം പതിച്ച് തീപിടിക്കുകയായിരുന്നു. നാല് വാഹനങ്ങളും രണ്ട് സ്റ്റോറേജ് കണ്ടെയ്‌നറുകളും കത്തിനശിച്ചു. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം കണ്ടെത്താൻ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments