ad
Deshabhimani

സ്‌റ്റേഷനിൽ സൂക്ഷിച്ച ലഹരിവസ്‌തു മോഷണം അട്ടിമറിക്കുന്നു: പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

Sultan bathery Police Station Sabith
വെബ് ഡെസ്ക്

Published on Sep 16, 2026, 01:58 PM | 1 min read

ബത്തേരി: പൊലീസ്‌ സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായുള്ള ലഹരിവസ്‌തുക്കൾ മോഷണംപോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബത്തേരി സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. ഏഴു ചാക്ക്‌ ഹാൻസ്‌ സ്‌റ്റേഷനിൽനിന്നും മോഷ്‌ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ സബിത് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമായി എത്തിയിട്ടും അന്വേഷണസംഘം അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമിരമ്പി.


ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണെന്നും ലഹരിമാഫിയയുമായുള്ള പൊലീസ്‌ ബന്ധം പുറത്തെത്തുമെന്ന്‌ ഭയന്ന്‌ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണ്‌ നടത്തുന്നതെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം. ഓപ്പറേഷൻ തൂഫാനെന്ന പേരിൽ പിടിച്ചെടുക്കുന്ന ലഹരി വസ്‌തുക്കളുടെ അളവും അത്‌ നശിപ്പിച്ചുകളയുന്നതിന്റെ തെളിവും ആഭ്യന്തരവകുപ്പ് പുറത്തുവിടാൻ തയ്യാറാകണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.


ബത്തേരി എകെജി സെന്റർ പരിസരത്തുനിന്നും ആരംഭിച്ച മാർച്ച്‌ സ്‌റ്റേഷൻ കവാടത്തിൽ പൊലീസ്‌ ബാരിക്കേഡുവച്ച്‌ തടഞ്ഞു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വി അനീഷ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ഋതുശോഭ്‌ സ്വാഗതവും നിധീഷ്‌ സോമൻ നന്ദിയും പറഞ്ഞു. യുഡിഎഫ്‌ സർക്കാരിന്റെ തണലിൽ ബത്തേരി പൊലീസ്‌ സ്‌റ്റേഷൻ നിയമലംഘന കേന്ദ്രമായി മാറുകയാണെന്ന്‌ നേതാക്കൾ പറഞ്ഞു. പ്രതിയായ പൊലീസുകാരനെ അടിയന്തരമായി അറസ്റ്റ്‌ ചെയ്‌ത്‌ മറ്റു പ്രതികൾക്കുനേരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപക പ്രതിഷേധത്തിന്‌ നേതൃത്വം നൽകുമെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home