എബോള ബാധിത രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ അനുവദിക്കൽ താൽക്കാലികമായി നിർത്തിവച്ച് യുഎഇ

ദുബായ് : എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ദേശീയ ദുരന്ത, അടിയന്തര പ്രതിസന്ധി മാനേജ്മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐസിപി) വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച മുതൽ നടപടി പ്രാബല്യത്തിൽ വന്നു.
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റായി യുഎഇയിലെത്തുന്നവർക്കും വിലക്ക് ബാധകമായിരിക്കും. എന്നാൽ യുഎഇയിലെത്തുന്നതിന് മുമ്പ് പട്ടികയിലുള്ള രാജ്യങ്ങൾക്ക് പുറത്തായി 21 ദിവസത്തിലധികം താമസിച്ചവരെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ട്രാൻസിറ്റ് വിമാന സർവീസുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. എബോള വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ പ്രാദേശിക, അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി സഹകരിച്ച് നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അപകടസാധ്യതാ നിർണയങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ ആരോഗ്യസുരക്ഷയും ദേശീയ സജ്ജീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.









0 comments