വിശപ്പിനെതിരായ ആഗോളപോരാട്ടം ശക്തമാക്കി യുഎഇ

ദുബായ് : ലോകമെമ്പാടുമുള്ള വിശപ്പും പോഷകാഹാരക്കുറവും നേരിടാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ. മാനുഷിക സഹായം, രാജ്യാന്തര സഹകരണം, കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളിലെ നിക്ഷേപം എന്നിവയിലൂടെയാണ് ഈ വർഷം പ്രവർത്തനങ്ങൾ വിപുലീകരിച്ചത്. ലോക ഭക്ഷ്യദിനമായ ഒക്ടോബർ പതിനാറിനോടനുബന്ധിച്ചായിരുന്നു നടപടി.
വിശപ്പുമൂലം മരണമടയാൻ സാധ്യതയുള്ള 50 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയിൽ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച "എഡ-്ജ് ഓഫ് ലൈഫ്' പ്രചാരണത്തിലൂടെ 280 കോടി ദിർഹത്തിലധികം സമാഹരിച്ചു. 44,000ൽ അധികം പേർ സംഭാവന നൽകി. 100 കോടി ദിർഹമായിരുന്നു ലക്ഷ്യമിട്ടത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്, യുഎന്നിന്റെ ശിശുക്ഷേമനിധി യുനിസെഫ്, ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ എന്നിവ ചേർന്ന് പോഷകാഹാര പദ്ധതികൾ വിപുലീകരിക്കാൻ 30 കോടി ഡോളറിന്റെ പങ്കാളിത്തവും പ്രഖ്യാപിച്ചു.
സുഡാനിലെ സംഘർഷബാധിതർക്ക് ലോക ഭക്ഷ്യപദ്ധതിയിലൂടെ രണ്ടുകോടി ഡോളറും എൽനിനോ കാലാവസ്ഥാ പ്രതിഭാസം മൂലമുള്ള ഭക്ഷ്യക്ഷാമം നേരിടാൻ ഛാഡിന് 80 ലക്ഷം ഡോളറും യുഎഇ അനുവദിച്ചു. വരൾച്ച ബാധിച്ച കെനിയയിലെ കുടുംബങ്ങൾക്ക് 30 ടൺ ഭക്ഷ്യസഹായവും നൽകി. "ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് ത്രീ'യുടെ ഭാഗമായി ഗാസയിലേക്ക് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ ഭക്ഷ്യസഹായം എത്തിക്കുന്നതും തുടരുന്നു.
2026–2028 കാലയളവിലേക്ക് ലോക ഭക്ഷ്യപദ്ധതിയുടെ എക-്സിക്യൂട്ടീവ് ബോർഡിലേക്ക് ഏപ്രിലിൽ യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിലെ വിശപ്പിനെതിരായ പ്രവർത്തനങ്ങളിൽ നയപരമായ പങ്കുവഹിക്കാൻ ഇതിലൂടെ രാജ്യത്തിന് അവസരം ലഭിച്ചു. യുഎഇയിലെ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം 2025ൽ 4180 കോടി ഡോളറിലെത്തി. ദുബായിലെ ഫുഡ് ടെക് വാലിയിൽ ലംബകൃഷി, ജലകൃഷി തുടങ്ങിയ സാങ്കേതികവിദ്യകളിൽ 5000 കോടി ഡോളറിന്റെ നിക്ഷേപവും ആകർഷിച്ചു. 2051ഓടെ ഭക്ഷ്യസുരക്ഷയിൽ ആഗോള മുൻനിരയിലെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് യുഎഇയുടെ പ്രവർത്തനങ്ങൾ.









0 comments