ad
Deshabhimani

ആയുർദൈർഘ്യത്തിനെ സാമ്പത്തിക വളർച്ചയ്‌ക്കുള്ള അവസരമാക്കാൻ യുഎഇ

uaeflag
വെബ് ഡെസ്ക്

Published on Sep 06, 2026, 02:06 PM | 2 min read

​ദുബായ് : യുഎഇയിലും ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലും ജനങ്ങളുടെ ആയുർദൈർഘ്യം ഗണ്യമായി ഉയരുകയാണ്. പല രാജ്യങ്ങളിലും ശരാശരി ആയുസ്‌ 80 വർഷത്തോട് അടുക്കുമ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്ന കാലയളവ് അതേ തോതിൽ വർധിച്ചിട്ടില്ലെന്നത് വെല്ലുവിളിയായി മാറുന്നു. ഈ സാഹചര്യം മറികടന്ന് രോഗപ്രതിരോധം, ആരോഗ്യകരമായ വാർധക്യം, കൂടുതൽ കാലം തൊഴിൽരംഗത്ത് തുടരാനുള്ള അവസരങ്ങൾ എന്നിവയിലൂടെ ദീർഘായുസിനെ സാമ്പത്തിക വളർച്ചയുടെ പുതിയ മേഖലയാക്കി മാറ്റാനാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.


ഡീപ് നോളജ്‌ ഗ്രൂപ്പ് നടത്തിയ വിശകലനമനുസരിച്ച്, ആയുസിന്റെ കാര്യത്തിൽ ഗൾഫ് മേഖല വലിയ മുന്നേറ്റം കൈവരിച്ചെങ്കിലും ആരോഗ്യത്തോടെ ചെലവഴിക്കുന്ന വർഷങ്ങളുടെ കാര്യത്തിൽ താരതമ്യേന പിന്നിലാണ്. പ്രമേഹം, അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ഹൃദയ-രക്തക്കുഴൽ രോഗങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് എന്നിവയാണ് പ്രധാന കാരണങ്ങൾ. ജോലി ചെയ്യുന്ന പ്രായത്തിലുള്ളവർ ദീർഘകാല രോഗങ്ങളുമായി കഴിയുന്നതും ഉൽപ്പാദനക്ഷമത കുറയുന്നതും കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ-്‌ടിക്കുന്നതും പ്രതിസന്ധിയാകുന്നു.


​ഹൃദ്രോഗം, പ്രമേഹം, അർബുദം, ദീർഘകാല ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ നാല് പ്രധാന സാംക്രമികേതര രോഗങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്ക് പ്രതിവർഷം ഏകദേശം 5000 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായാണ് കണക്ക്. ഇതിൽ 2000 കോടി ഡോളർ ഉൽപ്പാദനക്ഷമത നഷ-്‌ടപ്പെടുന്നതിലൂടെയും 3000 കോടി ഡോളർ ചികിത്സാ ചെലവുകളിലൂടെയുമാണ് ഉണ്ടാകുന്നത്. ജിസിസിയുടെ മൊത്തം സാമ്പത്തിക ഉൽപ്പാദനത്തിന്റെ ഏകദേശം 2.3 ശതമാനത്തിന് തുല്യമാണ് ഈ ബാധ്യത.


​ഗൾഫ് രാജ്യങ്ങളിൽ ഓരോ വ്യക്തിക്കും രണ്ട് മുതൽ നാല് വരെ ആരോഗ്യകരമായ അധിക ജീവിതവർഷങ്ങൾ ഉറപ്പാക്കാനായാൽ 2030ഓടെ 7000 കോടി മുതൽ ഒരു ലക്ഷം കോടി ഡോളർ വരെ അധിക സാമ്പത്തിക ഉൽപ്പാദനം സൃഷ്ടിക്കാനാകുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.

​അതേസമയം, പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 2050ഓടെ ഏകദേശം 243 ശതമാനം വർധിക്കുമെന്നാണ് കണക്ക്. ഇതോടൊപ്പം ജനനനിരക്ക് കുറയുകയും ചെയ്യും. ഇ‍ൗ സാഹചര്യത്തിൽ വിരമിച്ചശേഷമുള്ള ദീർഘകാല ജീവിതത്തെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരും.


​രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 88 ശതമാനവും പ്രവാസികളാണ്. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവരുടെ പെൻഷൻ, ഇൻഷുറൻസ്, ചികിത്സാ രേഖകൾ തുടങ്ങിയവ പല സംവിധാനങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യമുണ്ട്. ഇതിനാൽ രാജ്യങ്ങൾ മാറിയാലും ഉപയോഗിക്കാനാകുന്ന പെൻഷൻ സംവിധാനങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ രേഖകൾ, ദീർഘകാല പരിചരണ പരിരക്ഷ, ആരോഗ്യവുമായി ബന്ധിപ്പിച്ചുള്ള സമ്പാദ്യ സംവിധാനങ്ങൾ എന്നിവ ഭാവിയിൽ കൂടുതൽ പ്രാധാന്യമാർജിക്കുമെന്ന് പഠനം പറയുന്നു.


​​എന്നാൽ വിവിധ ആരോഗ്യസ്ഥാപനങ്ങൾക്കിടയിലെ മെഡിക്കൽ വിവരങ്ങളുടെ ഏകീകരണക്കുറവ്, ഒരേ പരിശോധനകൾ ആവർത്തിക്കേണ്ടിവരുന്നത്, ചികിത്സാ നിലവാരത്തിലെ വ്യത്യാസങ്ങൾ തുടങ്ങിയ വെല്ലുവിളികളും നിലനിൽക്കുന്നു. അതിനാൽ പരസ്പരം ബന്ധിപ്പിക്കാവുന്ന ഡിജിറ്റൽ ആരോഗ്യരേഖകൾ, ഏകീകൃത പ്രതിരോധ ആരോഗ്യ മാനദണ്ഡങ്ങൾ, രോഗനിർണയ സംവിധാനങ്ങളുടെ ഏകീകരണം എന്നിവ അനിവാര്യമാകും.


ദീർഘായുസ്സിനെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യസംവിധാനത്തിൽ വർഷങ്ങളിലുടനീളം ആരോഗ്യനില നിരീക്ഷിക്കാനും രോഗങ്ങളുടെ തുടക്കം നേരത്തെ കണ്ടെത്താനും കഴിയണം. ഒരു വ്യക്തിയുടെ ആരോഗ്യപരിശോധനാ ഫലം അഞ്ച് അല്ലെങ്കിൽ പത്ത് വർഷം മുമ്പുള്ള ഫലങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന സംവിധാനം ഇതിന് സഹായകമാകും. ​പുതിയ ആശുപത്രികളും ക്ലിനിക്കുകളും എത്ര തുറന്നു എന്നതിലുപരി രോഗങ്ങൾ എത്ര വൈകിയാണ് പ്രത്യക്ഷപ്പെടുന്നത്, എത്രകാലം ആളുകൾ സ്വതന്ത്രമായി ജീവിക്കുന്നു, ഒഴിവാക്കാനാകുന്ന ആശുപത്രിവാസങ്ങൾ എത്രത്തോളം കുറയുന്നു തുടങ്ങിയ ആരോഗ്യഫലങ്ങളായിരിക്കണം വിജയത്തിന്റെ മാനദണ്ഡമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ദീർഘായുസ്സിനാവശ്യമായ സാമ്പത്തിക, ആരോഗ്യ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ യുഎഇക്ക് കഴിഞ്ഞാൽ ഭാവിയിൽ ഈ രംഗത്തെ അറിവും സേവനങ്ങളും പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home