ഇസ്രയേൽ– യുഎഇ സംഭാഷണം; മാധ്യമ പ്രചാരണങ്ങളോട് പ്രതികരിച്ച് യുഎഇ

ദുബായ് : ഇസ്രയേൽ– യുഎഇ ഗവൺമെന്റുകൾ തമ്മിലുള്ള സംഭാഷണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളോടോ അഭ്യൂഹങ്ങളോടോ പ്രതികരിക്കില്ലെന്ന് യുഎഇ സർക്കാർ വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്.
യുഎഇയുടെ ഇടപെടലുകൾ മേഖലയിൽ സംഘർഷം കുറയ്ക്കുക, പ്രാദേശിക സ്ഥിരത ഉറപ്പാക്കുക, അക്രമം തടയുക എന്നീ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് അഞ്ച് വർഷത്തിലേറെയായ സാഹചര്യത്തിലും യുഎഇയിലെയും ഇസ്രയേലിലെയും സർക്കാർ സംവിധാനങ്ങൾ തമ്മിൽ തുറന്നതും നേരിട്ടതുമായ ആശയവിനിമയം തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സംവിധാനങ്ങൾ തമ്മിൽ പ്രസക്തമായ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വിവര കൈമാറ്റം ഇപ്പോഴും തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.മാധ്യമ റിപ്പോർട്ടുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ നേതാക്കൾ തമ്മിലുള്ള ചർച്ചകളെക്കുറിച്ച് പ്രതികരിക്കുന്ന പതിവ് യുഎഇ സർക്കാരിനില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.









0 comments