പിഐഎസ്എ 2025; ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് അംഗീകാരം

ദുബായ് : അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിൽ മികച്ച മുന്നേറ്റവുമായി ദുബായിലെ സ്വകാര്യ സ്കൂളുകൾ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് നടത്തുന്ന പിഐഎസ്എ 2025 വിലയിരുത്തലിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ വായന, ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ ലോകത്തെ മികച്ച പത്ത് വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഇടം നേടി.
15 വയസുള്ള വിദ്യാർഥികളുടെ അറിവും കഴിവുകളും വിലയിരുത്തുന്ന പിഐഎസ്എ പഠനം മൂന്ന് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. 2025ലെ വിലയിരുത്തലിൽ വായനയിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ ലോകത്ത് ആറാം സ്ഥാനത്തെത്തി. ശരാശരി 501 പോയിന്റാണ് നേടിയത്. ഗണിതത്തിൽ 511 പോയിന്റുമായി എട്ടാംസ്ഥാനവും ശാസ-്‌ത്രത്തിൽ 522 പോയിന്റുമായി എട്ടാം സ്ഥാനവും നേടി.
2022ലെ പിഐഎസ്എ ഫലങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2022ൽ ഗണിതത്തിൽ ഒമ്പതാം സ്ഥാനത്തായിരുന്ന ദുബായ് സ്വകാര്യ സ്കൂളുകൾ ഇത്തവണ എട്ടാം സ്ഥാനത്തെത്തി. വായനയിൽ 13ൽനിന്ന് ആറാം സ്ഥാനത്തേക്കും ശാസ്ത്രത്തിൽ 14ൽനിന്ന് എട്ടാം സ്ഥാനത്തേക്കും മുന്നേറി.
കമ്പ്യൂട്ടേഷണൽ പ്രശ്നപരിഹാര ശേഷിയിലും ദുബായ് സ്വകാര്യ സ-്‌കൂളുകൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. ശരാശരി 534 പോയിന്റുമായി ആഗോളതലത്തിൽ ഒമ്പതാംസ്ഥാനമാണ് രാജ്യം നേടിയത്. ഒഇസിഡി ശരാശരിയേക്കാൾ 34 പോയിന്റ് കൂടുതലാണിത്. ആശയങ്ങൾ പരിശോധിക്കാനും അറിവ് വികസിപ്പിക്കാനും സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഡിജിറ്റൽ ഉപകരണങ്ങളും കമ്പ്യൂട്ടേഷണൽ രീതികളും ഉപയോഗിക്കുന്ന വിദ്യാർഥികളുടെ കഴിവാണ് ഈ വിഭാഗത്തിൽ വിലയിരുത്തുന്നത്.
വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം യുഎഇയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂളുകൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. 2009 മുതൽ പിഐഎസ്എ വിലയിരുത്തലിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ ഗണിതത്തിൽ ശരാശരി 37 പോയിന്റിന്റെയും വായനയിൽ 22 പോയിന്റിന്റെയും ശാസ്ത്രത്തിൽ 36 പോയിന്റിന്റെയും വർധന രേഖപ്പെടുത്തി.
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്ന വിവിധ പാഠ്യപദ്ധതികളിൽ ഇന്റർനാഷണൽ ബാക്കലറിയേറ്റ് സ്കൂളുകളിലെ വിദ്യാർഥികളാണ് ഏറ്റവും ഉയർന്ന ശരാശരി പ്രകടനം കാഴ്‌ചവച്ചത്. ശാസ്ത്രത്തിൽ 557, ഗണിതത്തിൽ 542, വായനയിൽ 538 പോയിന്റ് വീതം ഐബി വിദ്യാർഥികൾ നേടി. പിഐഎസ്എ 2025ൽ ദുബായിലെ 168 സ്വകാര്യ സ്കൂളുകളിൽനിന്നായി 9,600 വിദ്യാർഥികൾ പങ്കെടുത്തു. ലോകത്തെ 90ലേറെ രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലുമായി 7.6 ലക്ഷത്തിലധികം വിദ്യാർഥികളാണ് വിലയിരുത്തലിൽ പങ്കെടുത്തത്.









0 comments