ad
Deshabhimani

കള്ളക്കടൽ പ്രതിഭാസം; ആലപ്പുഴയിൽ തീരപ്രദേശത്ത് ദുരിതം

Black Sea alappuzha
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 08:14 AM | 1 min read

കാർത്തികപ്പള്ളി : അപ്രതീക്ഷിതമായുണ്ടായ കള്ളക്കടൽ പ്രതിഭാസം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കനത്തദുരിതം വിതച്ചു. ശനി രാവിലെ പത്തോടെയാണ് ആദ്യം കടലാക്രമണം ഉണ്ടായത്. ഞായറാഴ്‌ചയും ആവർത്തിച്ചു. ശക്തിയേറിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറി. പലയിടത്തും റോഡിൽ മണൽ മൂടിയത് ഗതാഗതത്തെ ബാധിച്ചു. വീട്ടുപകരണങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ഒലിച്ചുപോയി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലെ ചേലക്കാട് കാട്ടാശേരി ഭാഗം, കിഴക്കത്തുശേരി ഭാഗങ്ങളിലും കടലാക്രമണം കനത്ത ദുരിതം വിതച്ചു. മതുക്കൽ ചേലക്കാട് തീരദേശറോഡ് പലയിടത്തും പൂർണമായും തകർന്നു.


ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, കള്ളിക്കാട് മീശമുക്ക്, എ സി പള്ളി ജങ്ഷൻമുതൽ എം ഇ എസ് ജങ്ഷൻവരെ, കാർത്തിക ജങ്ഷൻ, പത്തിശേരി ജങ്ഷൻ എന്നീ പ്രദേശങ്ങളിൽ കടലാക്രമണം ജനജീവിതത്തെ ബാധിച്ചു. ആറാട്ടുപുഴയിൽ തീരദേശറോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകിയത് നിരവധി കച്ചവടസ്ഥാപനങ്ങൾക്കും വീടുകൾക്കും ദുരിതമായി. പലസ്ഥലങ്ങളിലും റോഡിന് പടിഞ്ഞാറുഭാഗം കടൽവെള്ളം കെട്ടിനിൽക്കുകയാണ്‌.


പെരുമ്പള്ളിയിൽ താൽക്കാലികമായി നിർമിച്ച ജിയോ ബാഗ് കടൽഭിത്തി പൂർണമായി തകർന്നതിനാൽ വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകടഭീഷണിയിലാണ്. ഇവിടെ റോഡ് പൂർണമായും മണ്ണിനടിയിലായതിനാൽ യാത്രക്കാർ വലഞ്ഞു. നിരവധി വാഹനങ്ങൾ മണ്ണിൽ താഴ്‌ന്ന്‌ ഗതാഗതതടസം ഉണ്ടായി. തൃക്കുന്നപ്പുഴ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. എസ്‌കവേറ്റർ ഉപയോഗിച്ച് മണൽ നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. വലിയഴീക്കൽ ഭാഗത്തും റോഡിൽ വെള്ളം കെട്ടിക്കിടന്നു. കടലാക്രമണഭീഷണി ശക്തമായുള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിൽ പെരുമ്പള്ളി ഭാഗത്ത് മണൽ നിറഞ്ഞപ്പോൾ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home