ഗാർഹിക തൊഴിൽ; 19 തൊഴിൽ മേഖലകളുടെ പട്ടിക പുറത്തിറക്കി യുഎഇ

ദുബായ് : ഗാർഹിക തൊഴിലാളികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന 19 തൊഴിൽ മേഖലകളുടെ പട്ടിക പുറത്തിറക്കി യുഎഇ. വീട്ടുജോലിക്കാർ, നാവിക തൊഴിലാളി, സുരക്ഷാ ജീവനക്കാരൻ, ഇടയൻ, കുതിരസവാരിക്കാരൻ, മൃഗപരിശീലകൻ, ഫാൽക്കൺ പരിപാലകൻ, ഗാർഹിക തൊഴിലാളി, ഹൗസ് കീപ്പർ, പാചകക്കാരൻ, ആയ/ശിശുപരിചാരകൻ, കർഷകത്തൊഴിലാളി, തോട്ടക്കാരൻ, വ്യക്തിഗത പരിശീലകൻ, സ്വകാര്യ അധ്യാപകൻ, ഹോം നഴ്സ്, വ്യക്തിഗത സഹായി, സ്വകാര്യ കാർഷിക എൻജിനിയർ, വ്യക്തിഗത/കുടുംബ ഡ്രൈവർ എന്നിവയാണ് പട്ടികയിലെ 19 വിഭാഗങ്ങൾ. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിമാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കണമെന്നും അധികൃതർ നിർദേശിച്ചു.
2022ലെ ഫെഡറൽ ഡിക്രി നിയമപ്രകാരം ഗാർഹിക തൊഴിലാളികൾക്ക് ആഴ-്‌ചയിൽ ശമ്പളത്തോടെയുള്ള ഒരു വിശ്രമദിനം, ദിവസവും കുറഞ്ഞത് 12 മണിക്കൂർ വിശ്രമം, വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി എന്നിവയ-്‌ക്ക് അവകാശമുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ സ്വന്തം രാജ്യത്തേക്കുള്ള യാത്രയ-്‌ക്കുള്ള വിമാന ടിക്കറ്റിനും അർഹതയുണ്ട്.
നിശ്ചിത തീയതിക്ക് 10 ദിവസത്തിനുള്ളിൽ വേതനം നൽകണം. മതിയായ താമസസൗകര്യവും ഭക്ഷണവും നൽകണം. വർഷം 30 ദിവസത്തെ അസുഖാവധിയും ലഭിക്കും. ആദ്യ 15 ദിവസം പൂർണ ശമ്പളത്തോടെയും തുടർന്നുള്ള 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി അനുവദിക്കുക. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകൾ തൊഴിലാളിയുടെ കൈവശം തന്നെ സൂക്ഷിക്കാനും അവകാശമുണ്ട്.
തൊഴിലാളിയെ യുഎഇയിലേക്ക് കൊണ്ടുവരുംമുമ്പ് ജോലി, വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം. പ്രവേശനത്തിന് 30 ദിവസത്തിനുള്ളിൽ ആവശ്യമായ മെഡിക്കൽ പരിശോധനകളും നടത്തണം. യുഎഇയിലെ സാമൂഹിക ആചാരങ്ങളെക്കുറിച്ചും പരാതികൾ നൽകേണ്ട അധികൃതരെക്കുറിച്ചും തൊഴിലാളികളെ ബോധവൽക്കരിക്കണം.
തൊഴിലാളിക്ക് അനുയോജ്യമായ താമസം, ഭക്ഷണം, വസ-്‌ത്രം എന്നിവ നൽകണം. ചികിത്സാച്ചെലവ് വഹിക്കുകയോ ആരോഗ്യ ഇൻഷുറൻസ് നൽകുകയോ വേണം. മാന്യമായി പെരുമാറുകയും മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യാൻ നിർബന്ധിക്കാതിരിക്കുകയും വേണം. തൊഴിൽ അപകടങ്ങളോ തൊഴിൽ സംബന്ധമായ രോഗങ്ങളോ മൂലമുള്ള നഷ്ടപരിഹാരവും നൽകണം. തൊഴിലാളിയുടെ സമ്മതമില്ലാതെ കരാറിൽ വ്യക്തമാക്കിയ ജോലിയിൽനിന്ന് വ്യത്യസ്‌തമായ ജോലി ഏൽപ്പിക്കാനും പാടില്ല.
ഗാർഹിക തൊഴിലാളി നിയമത്തിലെ ലംഘനങ്ങൾക്ക് കനത്ത ശിക്ഷയാണ് യുഎഇയിൽ വ്യവസ്ഥ ചെയ്‌തിതിരിക്കുന്നത്. തെറ്റായ രേഖകൾ നൽകി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് ആറുമാസം വരെ തടവും 20,000 മുതൽ 100,000 ദിർഹം വരെ പിഴയും ലഭിക്കാം.
അനുമതിയില്ലാത്ത തൊഴിലാളിയെ നിയമിക്കൽ, 18 വയസിന് താഴെയുള്ളവരെ നിയമിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 മുതൽ രണ്ടുലക്ഷം ദിർഹംവരെ പിഴ ചുമത്താം. ലൈസൻസില്ലാതെ തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുകയോ താൽക്കാലിക തൊഴിൽ സേവനം നൽകുകയോ ചെയ്യുന്നവർക്ക് ഒരുവർഷംവരെ തടവും രണ്ടുമുതൽ 10 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കാം. നിയമലംഘനങ്ങൾക്ക് 5000 മുതൽ 10 ലക്ഷം ദിർഹംവരെ പിഴ ചുമത്താനും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്. പരമാവധി പിഴ ഒരുകോടി ദിർഹംവരെയാകാം.










0 comments