ഹാന്റ വൈറസ് ഉൾപ്പെടെയുള്ള ആരോഗ്യ ഭീഷണികളെ നേരിടാൻ യുഎഇ സജ്ജം

ദുബായ്: ഹാന്റ വൈറസ് ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ-അടിയന്തര വിഭാഗങ്ങൾ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉയർന്ന ജാഗ്രത നിലനിർത്തുന്നതിനുമായി എല്ലാ മുൻകരുതൽ നടപടികളും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ തുടർച്ചയായി വിലയിരുത്തുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കുകയും ചെയ്യുന്നതായി ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റിയും (എൻസിഇഎംഎ) ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (മൊഹാപ്) സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
എലികളിലൂടെയോ അവയുടെ വിസർജ്യങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ പകരുന്ന അപൂർവ വൈറസ് രോഗമാണ് ഹാന്റ വൈറസ്. അണുബാധയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് യുഎഇയുടെ പ്രതികരണം. ആരോഗ്യ ഭീഷണികളെ നേരിടാൻ ഏകോപിത നിരീക്ഷണ സംവിധാനവും സജ്ജമായ ആരോഗ്യ സംവിധാനവും രാജ്യത്തിനുണ്ടെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പൊതുജനം വിശ്വസിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, ഹാന്റ വൈറസ് ആഗോള മഹാമാരിയായി മാറാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എളുപ്പത്തിൽ പകരില്ലെന്നും രോഗബാധിത എലികളുമായോ അവയുടെ വിസർജ്യങ്ങളുമായോ നേരിട്ടുള്ള സമ്പർക്കമാണ് ഭൂരിഭാഗം കേസുകൾക്കും കാരണമെന്നും സംഘടന ചൂണ്ടിക്കാട്ടി. ഹോണ്ടിയസ് ആഡംബര ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട വൈറസ് വ്യാപനത്തിൽ മൂന്ന് പേർ മരിച്ചതായും ഒമ്പത് കേസുകൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.











0 comments