ബ്രിക്‌സ് വിദ്യാഭ്യാസ സഹകരണം; നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസ മാതൃകയുമായി യുഎഇ

ദുബായ് : ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താൻ അഞ്ച് മുൻഗണന മുന്നോട്ടുവച്ച് യുഎഇ. ബാല്യകാല വിദ്യാഭ്യാസം, ഭാവി നൈപുണ്യങ്ങൾ, നവീന സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും, വിദ്യാഭ്യാസ യോഗ്യതകളുടെ പരസ്പര അംഗീകാരം, അക്കാദമിക് നേതൃത്വ വികസനം എന്നിവയാണ് യുഎഇ മുന്നോട്ടുവച്ച പ്രധാന മേഖലകൾ.
ഭുവനേശ്വറിൽ നടന്ന 13–-ാമത് ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് നിർദേശങ്ങൾ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ, ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് സുൽത്താൻ അൽ ഷുഐബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുഎഇയെ പ്രതിനിധീകരിച്ചത്. തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യത്തിനനുസരിച്ച് കൂടുതൽ വഴക്കമുള്ള വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം യുഎഇ ചൂണ്ടിക്കാട്ടി. മാറിവരുന്ന സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങൾ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന നവീന വിദ്യാഭ്യാസ സംവിധാനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അൽ ഷുഐബി പറഞ്ഞു.
നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ യുഎഇയുടെ അനുഭവവും യോഗത്തിൽ അവതരിപ്പിച്ചു. എമിറേറ്റ്സ് സ്കിൽസ് പ്ലാറ്റ്ഫോം, ക്യുഎഫ് എമിറേറ്റ്സ് ദേശീയ യോഗ്യതാ ചട്ടക്കൂട് തുടങ്ങിയ സംവിധാനങ്ങളും വിശദീകരിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ വിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കാനും വിദ്യാർഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും രാജ്യാന്തര സഞ്ചാരം പ്രോത്സാഹിപ്പിക്കാനും കൂടുതൽ സഹകരണം വേണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഗവേഷണം, നവീകരണം, അക്കാദമിക് നേതൃത്വം എന്നിവയിലും കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു.










0 comments