കേരളത്തിലെ ഏറ്റവും വലിയ തീയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

മാജിക് ഫ്രെയിംസ് പുതിയ തിയേറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്തു
കൊച്ചി : കേരളത്തിലെ തീയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് പ്രമുഖ സിനിമാ നിർമാണ-വിതരണ കമ്പനിയായ മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തീയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി. കാക്കനാട്ട് പുതുതായി ആരംഭിച്ച തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ്, ജയസൂര്യ, ഹൈബി ഈഡൻ എംപി എന്നിവർ പങ്കെടുത്തു.
നാല് സ്ക്രീനുകളാണ് പുതിയ തീയേറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. ഇതോടെ മാജിക് ഫ്രെയിംസിന് കേരളത്തിലൊട്ടാകെ 8,000ത്തിലധികം സീറ്റിങ് കപ്പാസിറ്റിയായി.
പ്രേക്ഷകർക്ക് മികച്ച ശബ്ദ-ദൃശ്യ മികവോടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും, മികച്ച ഫുഡ് കോർട്ട്, പാർക്കിങ് സൗകര്യം, വൃത്തിയുള്ള വാഷ്‌റൂമുകൾ തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി നടത്തിയ പ്രത്യേക പ്രദർശനത്തിൽ 2D ട്രെയിലറുകൾ 3Dയായി അവതരിപ്പിച്ചത് വേറിട്ട ദൃശ്യാനുഭവമായി. 'ഖലീഫ'യുടെ പ്രദർശനത്തോടെ ഓഗസ്റ്റ് 20 മുതൽ കാക്കനാട് മാജിക് ഫ്രെയിംസിൽ പൊതുജനങ്ങൾക്ക് സിനിമ ആസ്വദിക്കാം. ടിക്കറ്റുകൾ 'District App' വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.










0 comments