ad
Deshabhimani

യുഎഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന

Indian Ambassador uae
avatar
കെ എൽ ഗോപി

Published on Jul 25, 2026, 05:18 PM | 1 min read

ഷാർജ: യുഎഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന ലഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഈ വിഭാഗത്തിൽപെട്ടവർക്ക് ഇനിമുതൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്നും, സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും ഡോ. ദീപക് മിത്തൽ പറഞ്ഞു. അവർക്ക് ക്യൂ ഒഴിവാക്കി മുൻഗണന നൽകും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഇന്ത്യൻ സമൂഹവുമായുള്ള ഇന്ററാക്റ്റീവ് സെഷനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.


അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റ് (കൾച്ചർ) കോൺസൽ ജോയ്ദീപ് മൊഹന്തോ, നോർത്തേൺ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെയും അജ്മാൻ, ഫുജൈറ, കോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്ററുകളുടെയും ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.


സമൂഹത്തിന് പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകുന്ന പിന്തുണയെ അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു. വരുന്ന ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളിൽ യുഎഇയിലെ പ്രവാസികളുടെ ശക്തമായ പങ്കാളിത്തം ഉണ്ടാകണമെന്നും, കുടുംബ വർഷം എന്ന ആശയത്തിന് പ്രാധാന്യം നൽകി എമിറാത്തി കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ എമിറാത്തി-ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പുത്തൂർ റഹ്മാൻ, രാജീവ് പിള്ള, മാത്തുക്കുട്ടി, അഡ്വ. വൈ. എ. റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന, വിനോദ് മുള്ളേരി, അഡ്വ. അജി കുര്യാക്കോസ് തുടങ്ങി വിവിധ തുറകളിൽ പെട്ട നിരവധി പ്രവാസികൾ അംബാസഡറുമായി നേരിട്ട് സംവദിക്കുകയും തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തു. ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. തുടർന്ന്, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച ‘അൽ ഹിന്ദ്’ പാസ്‌പോർട്ട്, കോൺസുലാർ സർവീസ് സേവന കേന്ദ്രവും അദ്ദേഹം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home