യുഎഇ ദേശീയ ദിനാഘോഷം; കർശന നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

ഷാർജ : യുഎഇയുടെ 55-ാം ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഡിസംബർ രണ്ടിന് നടക്കുന്ന ആഘോഷങ്ങൾ മാന്യവും സുരക്ഷിതവും ആയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ആഘോഷത്തിന്റെ പേരിൽ ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ 500 മുതൽ 1000 ദിർഹംവരെ പിഴയും ബ്ലാക്ക് പോയിന്റും വാഹനം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കും.
ആഘോഷവുമായി ബന്ധപ്പെട്ട് 13 നിർദേശവും മന്ത്രാലയം പുറത്തിറക്കി. വാഹനങ്ങളിൽ അംഗീകൃത അലങ്കാരങ്ങളും ദേശീയ പതാകയും മാത്രമേ ഉപയോഗിക്കാനാകൂ. നമ്പർ പ്ലേറ്റ് മറയുന്ന രീതിയിൽ അലങ്കാരവും ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന സ്റ്റിക്കറുകളും അനുവദിക്കില്ല. അനുമതിയില്ലാത്ത വാഹന പരേഡും റോഡ് തടഞ്ഞുള്ള ആഘോഷങ്ങളും പൂർണമായും നിരോധിക്കുകയും ചെയ്‌തു.
വാഹനത്തിൽ അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റുന്നതും ഓടുന്ന വാഹനത്തിൽനിന്ന് ശരീരം പുറത്തേക്കിടുന്നതും കുറ്റകരമാണ്. ഫോം സ-്പ്രേയും കളർ സ-്പ്രേയും ഉപയോഗിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചു. ഉച്ചത്തിലുള്ള സംഗീതവും ഹോൺ മുഴക്കി മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും അനുവദിക്കില്ല.
പൊലീസ് എല്ലാ എമിറേറ്റുകളിലും പ്രത്യേക പരിശോധന നടത്തും. പ്രധാന റോഡുകളിലും ആഘോഷ കേന്ദ്രങ്ങളിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ആഘോഷം എല്ലാവർക്കും സന്തോഷകരമാകണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും മന്ത്രാലയം അറിയിച്ചു.








0 comments