ബംഗ്ലാദേശ് അതിർത്തിയിൽ കാണാതായ ബിഎസ്എഫ് ജവാന്റെ മൃതദേഹം നദിയിൽ കണ്ടെത്തി

കെ വേണു
ഗുവാഹത്തി: അസമിലെ കച്ചാർ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കാണാതായ അതിർത്തി രക്ഷാ സേന കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി. കത്തിഗോരയിലെ ഹരിനഗർ ബോർഡർ ഔട്ട്‌പോസ്റ്റിൽ സേവനമനുഷ്ഠിച്ചിരുന്ന തെലങ്കാന സ്വദേശി കെ വേണുവിന്റെ (32) മൃതദേഹമാണ് ബുധനാഴ്ച ശ്രീഭൂമി ജില്ലയിലെ സ്റ്റീമർഘട്ടിന് സമീപം കുഷിയാര നദിയിൽ നിന്ന് കണ്ടെടുത്തത്.
അതിർത്തി പ്രദേശത്ത് കന്നുകാലി കടത്തുകാരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര യാദവും കോൺസ്റ്റബിൾ കെ വേണുവും പരിശോധനയ്ക്കിറങ്ങിയത്. സേനാംഗങ്ങളെ കണ്ടതോടെ കടത്തുകാർ രക്ഷപ്പെടാനായി ബരാക് നദിയിലേക്ക് എടുത്തുചാടി. ഇവരെ പിടികൂടാനായി രണ്ട് ജവാന്മാരും നദിയിലേക്ക് ചാടിയെങ്കിലും, ജിതേന്ദ്ര യാദവ് നീന്തി കരയ്ക്കെത്തിയപ്പോൾ വേണുവിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
എസ്ഡിആർഎഫ് , എൻഡിആർഎഫ് , റിവർ പോലീസ്, ബിഎസ്എഫ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹം വിമാനമാർഗ്ഗം ജന്മനാടായ തെലങ്കാനയിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ.








0 comments