മെഡിക്കൽ സർട്ടിഫിക്കറ്റ് ക്രമക്കേട്; നടപടി കടുപ്പിച്ച് സൗദി

റിയാദ് : മെഡിക്കൽ അവധി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലെ ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ നിയമാനുസൃതമാണോയെന്ന് സ്ഥിരീകരിക്കേണ്ട 1,16,131 സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. ചട്ടലംഘനം നടത്തിയവർക്കെതിരെ നിയമനടപടിയും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
നടപടികളുടെ ഭാഗമായി വിവിധ മേഖലകളിലായി 1817 പരിശോധന നടത്തി. ഒരു ആരോഗ്യസ്ഥാപനം മാത്രം 70,753 മെഡിക്കൽ അവധി സർട്ടിഫിക്കറ്റ് നൽകിയതായി പരിശോധനയിൽ കണ്ടെത്തി. ഒരു ആരോഗ്യപ്രവർത്തകൻ 9584 സർട്ടിഫിക്കറ്റ് നൽകിയതായും കണ്ടെത്തി. ഇതിൽ ഒരാൾ ഒറ്റ ദിവസം അനുവദിച്ചത് 259 സർട്ടിഫിക്കറ്റുകളാണ്.
ചട്ടങ്ങൾ പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 46,279 സർട്ടിഫിക്കറ്റും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പരിശോധനാ സംഘം സ്ഥാപനങ്ങളിലെത്തി രേഖകൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ-്തു. അനുവദനീയമായതിലധികം സർട്ടിഫിക്കറ്റുകൾ നേടിയവർക്കും ലൈസൻസില്ലാത്ത കേന്ദ്രങ്ങളിൽനിന്ന് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചവർക്കും ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കുമെതിരെയാണ് നടപടി. ബന്ധപ്പെട്ട അനുമതികൾ റദ്ദാക്കുകയും ചില കേസുകൾ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറുകയും ചെയ്തു. മെഡിക്കൽ അവധി സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാനും ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പരിശോധന ശക്തമാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.








0 comments