മയക്കുമരുന്നിൽനിന്ന് മോചനം; ഹിസ്ൻ സേവനവുമായി യുഎഇ

ദുബായ് : മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് മോചനം തേടുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സമഗ്ര ഹെൽപ് ലൈൻ സേവനമായ "ഹിസ്ൻ' ആരംഭിച്ച് യുഎഇ ദേശീയ മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി. 80044 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ലഭ്യമാകുന്ന ഈ സേവനം ചികിത്സ, പുനരധിവാസം, കൗൺസലിങ് എന്നിവ ഉൾക്കൊള്ളുന്നതാണ്. സേവനം പൂർണ രഹസ്യസ്വഭാവത്തോടെയും നിയമപരമായ സംരക്ഷണത്തോടെയുമാണ് ലഭ്യമാക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണാതെ, ചികിത്സയും മാനസിക പിന്തുണയും ആവശ്യമായ വ്യക്തികളായാണ് സർക്കാർ പരിഗണിക്കുന്നത്. ഹെൽപ് ലൈനിലേക്ക് വിളിക്കുന്നവർക്ക് മനോരോഗ വിദഗ്ധർ, ലഹരി ചികിത്സാ വിദഗ്ധർ, കൗൺസലർമാർ എന്നിവരുടെ സേവനം ഉടൻ ലഭ്യമാകും. പ്രാഥമിക കൗൺസലിങ്ങിനുശേഷം ആരോഗ്യനില വിലയിരുത്തി ഓരോരുത്തർക്കും അനുയോജ്യമായ ചികിത്സയും പുനരധിവാസ പദ്ധതിയും തയ്യാറാക്കും. ലഹരിയിലേക്ക് നയിച്ച ശാരീരിക, മാനസിക കാരണങ്ങൾ കണ്ടെത്തുക, പിൻവാങ്ങൽ ലക്ഷണങ്ങൾ നിയന്ത്രിക്കുക, മാനസിക സന്തുലിതാവസ്ഥ വീണ്ടെടുക്കുക എന്നിവയ്ക്കാണ് ചികിത്സയിൽ പ്രധാന പരിഗണന.
കേന്ദ്രങ്ങളുമായി സഹകരിച്ച് മാനസികവും പെരുമാറ്റപരവുമായ പുനരധിവാസം, ജീവിത നൈപുണ്യ പരിശീലനം, മാനസിക കരുത്ത് വർധിപ്പിക്കുന്ന പരിപാടികൾ എന്നിവയും നടപ്പാക്കും. കൂടാതെ, കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കാനും സമൂഹത്തിൽ സജീവമായ ജീവിതത്തിലേക്ക് തിരിച്ചെത്താനും ആവശ്യമായ പിന്തുണയും നൽകും. കുട്ടികളുടെയും കൗമാരക്കാരുടെയും പെരുമാറ്റത്തിലുണ്ടാകുന്ന പ്രാരംഭ മാറ്റങ്ങൾ തിരിച്ചറിയാനുള്ള ശാസ്ത്രീയ മാർഗനിർദേശങ്ങളും മാതാപിതാക്കൾക്ക് ലഭിക്കും. ഓൺലൈനായി യുവാക്കളെ ലക്ഷ്യമിടുന്ന മയക്കുമരുന്ന് വിതരണ ശൃംഖലകളെ തിരിച്ചറിയാനും അവയിൽനിന്ന് അകന്നുനിൽക്കാനുമുള്ള ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്.
സഹായം തേടാൻ ആളുകൾക്ക് ഭയമോ മടിയോ ഉണ്ടാകാതിരിക്കാൻ യുഎഇ നിയമം ഉറപ്പുനൽകുന്ന നാല് പ്രധാന സംരക്ഷണങ്ങളാണ് ഹിസ്ൻ പദ്ധതിയുടെ അടിസ്ഥാനം. വ്യക്തിഗത വിവരങ്ങളും ഫോൺവിളി വിവരങ്ങളും ഒരിക്കലും പുറത്തുവിടില്ല. വ്യക്തിയുടെ അന്തസും സ്വകാര്യതയും സംരക്ഷിച്ചായിരിക്കും സേവനങ്ങൾ. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങളിലേക്കാണ് രോഗികളെ ബന്ധിപ്പിക്കുക. സ്വമേധയ ചികിത്സ തേടുന്നവർക്കും കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം ചികിത്സയ്ക്കെത്തുന്നവർക്കും ക്രിമിനൽ നടപടികളിൽനിന്ന് പൂർണ നിയമപരിരക്ഷയും ലഭിക്കും.










0 comments