Deshabhimani

സ്വദേശിവൽക്കരണം: ഡിസംബർ 31 അവസാന തീയതി, ലക്ഷ്യം തെറ്റിയാൽ മാസം 10,000 ദിർഹം പിഴ

UAE.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 27, 2026, 10:45 AM | 2 min read

ഷാർജ : സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ 2026-ലെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കാൻ ഇനി ഒരു മാസത്തിൽ താഴെ മാത്രമാണ് ബാക്കി. 2026 ഡിസംബർ 31 ആണ് അവസാന തീയതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു.


അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം രണ്ടാം പകുതിയിൽ സ്കിൽഡ് ജോലികളിൽ സ്വദേശികളുടെ പങ്ക് ഒരു ശതമാനം കൂടി കൂട്ടണം. ജൂൺ 30-ന് അവസാനിച്ച ആദ്യ പകുതിയിൽ ഒരു ശതമാനം കൂട്ടണമായിരുന്നു. ഇതോടെ വർഷത്തിൽ ആകെ 2 ശതമാനം വർധനയും 2026 അവസാനത്തോടെ സ്കിൽഡ് ജോലികളിൽ ആകെ 10 ശതമാനം സ്വദേശികളും എന്ന ലക്ഷ്യത്തിലേക്ക് എത്തും.


ജൂണിലെ ലക്ഷ്യം തെറ്റിയ സ്ഥാപനങ്ങൾക്ക് ജൂലൈ 1 മുതൽ തന്നെ പിഴ ഈടാക്കാൻ തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. ഒഴിവുള്ള ഓരോ സ്വദേശി തസ്തികയ്ക്കും മാസം 10,000 ദിർഹം വീതം, വർഷം 1,20,000 ദിർഹം വീതമാണ് ഫിനാൻഷ്യൽ കോൺട്രിബ്യൂഷൻ ഈടാക്കുന്നത്.


ഡിസംബറിലെ ലക്ഷ്യം കൂടി തെറ്റിയാൽ ഈ പിഴ ഇരട്ടിയാകും. 20 മുതൽ 49 വരെ ജീവനക്കാരുള്ള, 14 നിശ്ചിത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 2024-ലും 2025-ലും നിയമിച്ച രണ്ട് സ്വദേശികളെയും 2026-ൽ നിലനിർത്തണം. ഒരാളെ പിരിച്ചുവിട്ടാൽ അത് ലക്ഷ്യം തെറ്റിയതായി കണക്കാക്കും.


ഒരു നിയമനം കണക്കിൽ വരണമെങ്കിൽ നാല് നിബന്ധനകൾ പാലിക്കണം. സ്വദേശിക്ക് മന്ത്രാലയത്തിൽ നിന്നുള്ള സാധുവായ വർക്ക് പെർമിറ്റും ജോലി കരാറും ഉണ്ടായിരിക്കണം. ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി നൽകണം, കുറഞ്ഞത് മാസം 6,000 ദിർഹം ആയിരിക്കണം. പെൻഷൻ രജിസ്ട്രേഷനും ചെയ്തിരിക്കണം.


പേപ്പറിൽ മാത്രം സ്വദേശിയെ കാണിക്കുന്ന വ്യാജ സ്വദേശിവൽക്കരണം കണ്ടെത്തിയാൽ ഓരോ തൊഴിലാളിക്കും 20,000 മുതൽ 1,00,000 ദിർഹം വരെ പിഴ ലഭിക്കും. നാഫിസ് വഴി ലഭിച്ച സഹായം തിരിച്ചടക്കുകയും കമ്പനിയുടെ വർഗീകരണം താഴ്ത്തുകയും ചെയ്യും.


2026-ന്റെ ആദ്യ പകുതിയിലെ ലക്ഷ്യം 95 ശതമാനം സ്ഥാപനങ്ങളും കൈവരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സ്വകാര്യ മേഖലയിൽ 1,90,000-ത്തിലധികം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഡിസംബർ 31-ന് ശേഷം നടത്തുന്ന നിയമനം 2026-ലെ കണക്കിൽ വരില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ട് സ്ഥാപനങ്ങൾ റിക്രൂട്ട്മെന്റ് വേഗത്തിലാക്കണമെന്നാണ് നിർദ്ദേശം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home