'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' ഓസ്കര്‍ ലഭിച്ച തിരക്കഥാകൃത്ത് മെഹ്ദി മഹ്മൂദിയാൻ ടെഹ്റാനിൽ അറസ്റ്റിൽ

Mehdi Mahmoudian, Jafar Panahi
ടെഹ്റാൻ: പ്രമുഖ ഇറാനിയൻ മനുഷ്യാവകാശ പ്രവര്‍ത്തകനും ഓസ്കർ നാമനിർദേശം ലഭിച്ച തിരക്കഥാകൃത്തുമായ മെഹ്ദി മഹ്മൂദിയാൻ ടെഹ്റാനിൽ അറസ്റ്റിൽ.ലോക ചലച്ചിത്രവേദികളിൽ നിരവധി അംഗീകാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.
ബുധനാഴ്ചയായിരുന്നു അറസ്റ്റെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുമായ ഹുസൈൻ റസാഖ് വെളിപ്പെടുത്തി. പന്ത്രണ്ടിലധികം വരുന്ന സായുധ പൊലീസ് സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഇദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുകയും പിടികൂടു കൊണ്ടുപോവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്. അറസ്റ്റിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇല്ല.
2022 ലെ മഹ്സ അമിനയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായ രണ്ടുപേരുടെ വധശിക്ഷ രണ്ടു ദിവസത്തിനകം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇദ്ദേഹം സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയിരുന്നു. മിലാദ് അർമൂൺ, നവീദ് നജറാൻ എന്നിവരാണ് തടവിലുള്ളത്. ബുധനാഴ്ച ഇവരുടെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ലെന്ന് അഭിഭാഷകനെയും കുടുംബത്തെയും ഉദ്ധരിച്ച് മഹ്മൂദിയാൻ വീണ്ടും പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രക്ഷോഭകർക്ക് വേണ്ടി പരസ്യമായി ശബ്ദമുയർത്തുന്ന വ്യക്തിയാണ് മഹ്മൂദിയാൻ. ഓസ്കാർ പുരസ്കാര ചടങ്ങുകൾക്ക് തൊട്ടുമുൻപ് ഫെബ്രുവരിയിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാൻ ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ നേടിയാണ് പനാഹിയുടെ ഈ ചിത്രം ശ്രദ്ധേയമായത്. മികച്ച തിരക്കഥ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഓസ്കാർ നാമനിർദ്ദേശവും ചിത്രത്തിന് ലഭിച്ചിരുന്നു. ജാഫർ പനാഹിക്കൊപ്പം മെഹ്ദി മഹ്മൂദിയാൻ, നാദർ സെയ്‌വാർ, ഷാദ്മെഹർ റാസ്റ്റിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇവർക്ക് എല്ലാവർക്കും കൂടി സംയുക്തമായാണ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചത്. ജാഫര്‍ പനാഹി പലതവണ ജയിൽവാസവും വർഷങ്ങളോളം വീട്ടുതടങ്കലും നേരിട്ടിട്ടുണ്ട്.








0 comments