Deshabhimani

അനധികൃത ആയുധക്കച്ചവടം: യുഎഇയിൽ 8 പേർക്ക് ജീവപര്യന്തം

UAE.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 07:25 AM | 1 min read

ദുബായ്: സുഡാൻ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും കുറ്റക്കാരായി കണ്ടെത്തിയ എട്ടുപേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.


കേസിൽ ഉൾപ്പെട്ട കമ്പനികൾക്ക് പിഴ ചുമത്തുകയും അവയുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും റദ്ദാക്കാൻ ഉത്തരവിടുകയും ചെയ-്‌തു. ​കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണത്തിൽനിന്ന് 15.45 ലക്ഷം ദിർഹം കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കള്ളപ്പണം വെളുപ്പിച്ചതിന് ബന്ധപ്പെട്ട പ്രതികൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്.


ആറ്‌ കമ്പനികൾക്ക് പത്തുലക്ഷം ദിർഹം വീതമാണ് പിഴ. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പണവും കുറ്റകൃത്യത്തിലൂടെ നേടിയ വരുമാനവും കണ്ടുകെട്ടാനും നിർദേശിച്ചു.


​യുഎഇയിൽ ആവശ്യമായ അനുമതിയില്ലാതെ ആയുധവ്യാപാരം നടത്തിയ പ്രതികൾ ഗൊര്യുനോവ് വിഭാഗത്തിൽപ്പെട്ട വെടിക്കോപ്പുകൾ യുഎഇയിലെത്തിച്ച് പോർട്ട് സുഡാനിലേക്ക് വിമാനമാർഗം കടത്താൻ ശ്രമിച്ചതായി കോടതി കണ്ടെത്തി.


സൈനിക ഉപകരണങ്ങൾ കൊണ്ടുപോകുന്ന വിമാനത്തിന്റെ ചരക്ക് വൈദ്യോപകരണങ്ങളും അനുബന്ധ സാമഗ്രികളുമാണെന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ​ആയുധ ഇടപാടുകൾക്കുള്ള പണം യുഎഇയിലെ ബാങ്ക് ഇടപാടുകളിലൂടെയും പണമായും കൈമാറി. കമ്പനികളെയും ബാങ്ക് അക്കൗണ്ടുകളെയും ഉപയോഗിച്ച് പണത്തിന്റെ ഉറവിടവും കൈമാറ്റ ലക്ഷ്യവും മറച്ചുവച്ചതായും കോടതി വ്യക്തമാക്കി.


​സുഡാനിലെ ആഭ്യന്തര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഇടപാടുകൾ അന്താരാഷ-്‌ട്ര ആയുധ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും യുഎഇയുടെ താൽപ്പര്യങ്ങൾക്കും രാജ്യാന്തര ബന്ധങ്ങൾക്കും ഭീഷണിയാകുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ മറ്റു ചില പ്രതികൾക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. രണ്ടുപേരെ കുറ്റവിമുക്തരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home