അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദത്തിന് പുതിയ മരുന്നിന് അംഗീകാരം നൽകി യുഎഇ

ദുബായ്: പരമ്പരാഗത മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദം നിയന്ത്രിക്കാനാകാത്ത രോഗികൾക്കായി പുതിയ ചികിത്സാമരുന്നിന് യുഎഇ അംഗീകാരം നൽകി. ‘ബാക്‌സ്‌ഫെൻഡി’ (Baxfendy) എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) അനുമതി നൽകിയത്.
അസ്ട്രാസെനെക വികസിപ്പിച്ച ‘ബാക്‌സ്‌ഡ്രോസ്റ്റാറ്റ്’ (Baxdrostat) എന്ന സജീവഘടകം അടങ്ങിയ മരുന്നാണിത്. ശരീരത്തിൽ ആൽഡോസ്റ്റിറോൺ ഉൽപാദനത്തിന് കാരണമാകുന്ന എൻസൈമിനെ തടഞ്ഞ് രക്തസമ്മർദം കുറയ്ക്കുന്നതാണ് മരുന്നിന്റെ പ്രവർത്തനം. 1 മില്ലിഗ്രാം, 2 മില്ലിഗ്രാം ഡോസുകളിലാണ് മരുന്ന് ലഭ്യമാകുക.
പരമ്പരാഗത ചികിത്സകൾക്ക് പ്രതികരിക്കാത്ത രോഗികൾക്കായി കൃത്യമായ രോഗപാതകളെ ലക്ഷ്യമിട്ടുള്ള നൂതന ചികിത്സാ പരിഹാരങ്ങൾ ഉറപ്പാക്കുന്നതിൽ ഈ അംഗീകാരം നിർണായക ചുവടുവയ്പ്പാണെന്ന് ഇഡിഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു. രോഗികൾക്ക് ചികിത്സ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
യുഎഇയിൽ ഉയർന്ന രക്തസമ്മർദം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. രാജ്യത്തെ മൂന്ന് പേരിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ വിവിധ ചികിത്സാമാർഗങ്ങൾ ഉണ്ടായിട്ടും രോഗനിയന്ത്രണം തൃപ്തികരമായ നിലയിലെത്താത്ത സാഹചര്യത്തിലാണ് പുതിയ മരുന്നിന്റെ വരവ് പ്രതീക്ഷ നൽകുന്നത്.










0 comments