സഹകരണം വിപുലപ്പെടുത്താൻ യുഎഇയും ബെൽജിയവും

അബുദാബി : യുഎഇയും ബെൽജിയം തമ്മിലുള്ള മൂന്നാംഘട്ട രാഷ്ട്രീയ ആലോചനകൾ അബുദാബിയിലെ വിദേശമന്ത്രാലയത്തിൽ നടന്നു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇരുരാജ്യങ്ങൾക്കുമിടയിലെ ശക്തവും വളരുന്നതുമായ പങ്കാളിത്തം യോഗം വിലയിരുത്തി. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, സുസ്ഥിര അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലപ്പെടുത്താനുള്ള സാധ്യതകളും പരിശോധിച്ചു.
യുഎഇ–യൂറോപ്യൻ യൂണിയൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ചർച്ചയായി. സുരക്ഷാ വിഷയങ്ങൾ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾ, ഗാസയിലെയും ആഫ്രിക്കൻ മേഖലയിലെയും മനുഷ്യാവകാശ-, മാനവിക സഹായപ്രവർത്തനങ്ങളും യോഗത്തിൽ പരിഗണിച്ചു.
ന്യായവ്യവസ്ഥാ -കോൺസുലർ സഹകരണം, നിയമപ്രവർത്തന ഏജൻസികൾ തമ്മിലുള്ള ഏകോപനം, നിയമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളും അജൻഡയിൽ ഉൾപ്പെടുത്തി. ഉന്നതതല സന്ദർശനങ്ങൾ വർധിപ്പിക്കാനും അടുത്തഘട്ട രാഷ്ട്രീയ ആലോചനകൾ 2027-ൽ ബ്രസൽസിൽ സംഘടിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. യുഎഇ വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയ സഹമന്ത്രി റീം കെയ്റ്റൈത്തും ബെൽജിയം വിദേശ, വിദേശവ്യാപാര, വികസന സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ തിയോഡോറ ജെന്റ്സിസും ചർച്ചകൾക്ക് അധ്യക്ഷരായി.










0 comments