യുഎഇയിൽ മൂലധന വിപണിയിലെ 15 സേവനഫീസുകൾ റദ്ദാക്കി

ദുബായ് : യുഎഇയിലെ ലൈസൻസുള്ള കമ്പനികൾക്കും മൂലധന വിപണിയിലെ സേവനങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾക്കും ആശ്വാസമായി 15 സേവനഫീസുകൾ റദ്ദാക്കി. യുഎഇ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. മൂലധന വിപണിയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും സാമ്പത്തികഭാരം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫീസ് ഒഴിവാക്കിയതെന്ന് അതോറിറ്റി അറിയിച്ചു.
നിലവിലെ നിയന്ത്രണ വ്യവസ്ഥകൾ, വിപണിയിലെ മാറ്റങ്ങൾ, സേവന മാതൃക എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് ഇനി ആവശ്യമില്ലെന്ന് കണ്ടെത്തിയ 15 ഫീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. മൂലധന വിപണിയുടെ വളർച്ചയ്ക്കനുസൃതമായി നിയന്ത്രണ സംവിധാനങ്ങളും ഫീസ് ഘടനയും തുടർച്ചയായി നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി. കരുത്തുറ്റ മൂലധന വിപണിയും മികച്ച ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വലീദ് സയീദ് അൽ അവാദി പറഞ്ഞു.
ഫീസ് റദ്ദാക്കിയ സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് പ്രമേയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി ഏത് സേവനങ്ങൾക്കാണ് ഫീസ് ഒഴിവാക്കിയതെന്നും അത് എങ്ങനെ നടപ്പാക്കുമെന്നും അതോറിറ്റിയുടെ ഔദ്യോഗിക അറിയിപ്പിലൂടെ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.










0 comments