ad
Deshabhimani

മെട്രോയുമായി ബന്ധിപ്പിച്ച് ട്രാക്കില്ലാത്ത ട്രാം; സമഗ്ര പഠനം അടുത്തവർഷമെന്ന്‌ ആർടിഎ

dubai tram
വെബ് ഡെസ്ക്

Published on Oct 17, 2025, 01:13 PM | 1 min read

ദുബായ്: ഗതാഗത കുരുക്ക് കുറയ്ക്കാൻ മെട്രോയുമായി ബന്ധിപ്പിക്കുന്ന ട്രാക്കില്ലാത്ത ട്രാം പദ്ധതിയുമായി ദുബായ് ആർടിഎ. സ്വയംപ്രവർത്തിക്കുന്ന സംവിധാനത്തിന്റെ സമഗ്ര പഠനം അടുത്തവർഷം പകുതിയോടെ പൂർത്തിയാക്കാനാകുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് ട്രാം സംവിധാനമാണിത്‌. നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും 2030ഓടെ 25 ശതമാനം ഗതാഗതം സ്മാർട്ട് ആയും ഡ്രൈവർ രഹിതവുമാക്കാനുള്ള ദുബായുടെ ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റവുമായിരിക്കും പദ്ധതി.

പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് ഇ‍ൗ പദ്ധതിയ്ക്ക്‌ റെയിൽ പാതകൾ ആവശ്യമില്ല. ഒപ്റ്റിക്കൽ സെൻസറുകൾ, ജിപിഎസ്, ലൈഡാർ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹൈവേകളിലും പ്രധാന റോഡുകളിലും വെർച്ച്വൽ ട്രാക്ക് പിന്തുടർന്ന് സഞ്ചരിക്കുന്നതാണ് സംവിധാനം. ഇതുവഴി പരിസ്ഥിതി മലിനീകരണവും പരിപാലനച്ചെലവും കുറയ്ക്കും. ദുബായ് ട്രാമിന്റെ പത്തുവർഷം പൂർത്തിയായ സമയത്ത്‌ 2024 നവംബറിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ട്രാക്കില്ലാത്ത ട്രാമുകൾ സാധാരണ വാഹനങ്ങളുടെയും ബസുകളുടെയും കൂട്ടത്തിൽ സഞ്ചരിക്കുമ്പോഴും സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രത്യേക പാതകളും ഒരുക്കും.

ബസുകളെപ്പോലെ നിശ്ചിത റൂട്ടുകളിലാണ് ട്രാക്കില്ലാത്ത ട്രാമുകൾ ഓടുക.


എന്നാൽ, ഇവ സാധാരണ ബസുകളെക്കാൾ മൂന്നിരട്ടി കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. മൂന്ന് കോച്ചുകളുള്ള ട്രാമുകൾ ഏകദേശം 32 മുതൽ 42 മീറ്റർവരെ നീളമുള്ളതായിരിക്കും. ഒരിക്കൽ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. പരമാവധി വേഗം 70 കിലേമീറ്ററായിരിക്കും. പ്രവർത്തന വേഗം 25 മുതൽ 60 കിലോമീറ്റർ വരെയുമാകും. ഭാവി ഗതാഗത സംവിധാനത്തിൽ ഇ‍ൗ ട്രാമുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന്‌ ആർടിഎയുടെ റെയിൽ ഏജൻസി ഡയറക്ടർ ദാവൂദ് അൽ റൈസ് പറഞ്ഞു. കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ദുബായുടെ കാൽവയ്‌പ്പാണ് പദ്ധതി. ദുബായിലെ എട്ട് പ്രധാന പ്രദേശങ്ങളിലായി നടപ്പാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home